തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 കോടി സംസ്ഥാനത്തെത്തിച്ചു; കര്‍ണാടകയില്‍ നിന്നും പണമെത്തിച്ചത് ചാക്കില്‍ കെട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി  12 കോടി സംസ്ഥാനത്തെത്തിച്ചു; കര്‍ണാടകയില്‍ നിന്നും പണമെത്തിച്ചത് ചാക്കില്‍ കെട്ടി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രം വ്യക്തമാക്കുന്നു.

12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. പൊലീസ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബി.ജെ.പിക്കെതിരെ കൂടുതല്‍ വിവരങ്ങളുള്ളത്.

കൊടകര കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ ഉടന്‍ തന്നെ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചായിരുന്നു സുരേന്ദ്രനുമായി സംസാരിച്ചത്. ഇതുകൂടാതെ വിവിധ ബി.ജെ.പി നേതാക്കളെയും ധര്‍മ്മരാജന്‍ വിളിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി രൂപ തൃശൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയില്‍ മൂന്ന് ചാക്കു കെട്ടുകളായാണ് പണം എത്തിച്ചത്. ഇതില്‍ 6.3 കോടി രൂപ തൃശൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മൂന്ന് തവണയായി കര്‍ണാടകയില്‍ നിന്ന് ധര്‍മ്മരാജന്‍ നേരിട്ടാണ് പണം എത്തിച്ചത്. ടോക്കണ്‍ ഉപയോഗിച്ചായിരുന്നു പണക്കൈമാറ്റം. കര്‍ണാടകയിലെത്തി ടോക്കണ്‍ കാണിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പണം വാങ്ങിയിരുന്നത്.

പത്ത് രൂപയാണ് ടോക്കണായി കാണിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങള്‍ ധര്‍മ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.