കരിയാറ്റിൽ മാർ ഔസേപ്പ് മെത്രാപ്പോലീത്തായുടെ പുതുക്കിയ കബറിടത്തിൻ്റെ ആശീർവാദ കർമ്മം ജൂലൈ 25ന്

കരിയാറ്റിൽ മാർ ഔസേപ്പ് മെത്രാപ്പോലീത്തായുടെ പുതുക്കിയ കബറിടത്തിൻ്റെ ആശീർവാദ കർമ്മം ജൂലൈ 25ന്

കൊച്ചി: മാർത്തോമ്മാ നസ്രാണികളുടെ പുനരൈക്യത്തിൻ്റെ സഹദാ എന്നറിയപ്പെടുന്ന കരിയാറ്റിൽ മാർ ഔസേപ്പ് മെത്രാപ്പോലീത്തായുടെ  പുതുക്കിയ കബറിടത്തിൻ്റെ ആശീർവാദ കർമ്മം ജൂലൈ 25 ഞായറാഴ്ച ചരിത്രപ്രസിദ്ധവുമായ  ആലങ്ങാട് മർത്ത് മറിയം പള്ളിയിൽ വച്ച് നടക്കുന്നു.

രാവിലെ ഒൻപത് മണിക്കുള്ള പരിശുദ്ധ കുർബാനയെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലിൻ്റെ മുഖ്യ കാർമികത്വത്തിലാണ് പഴയ കബറിൽ നിന്നും പുതുക്കിപ്പണിത കബറിടത്തിലേക്ക് തിരുശേഷിപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്. കാലപ്പഴക്കം മൂലം മങ്ങിയ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ പുരാതനമായ ഛായാചിത്രം നവീകരിച്ചതിൻ്റെ അനാച്ഛാദനവും അന്നേദിവസം തന്നെ നടക്കും.

എ.ഡി. 1300 ൽ സ്ഥാപിതമായ പുരാതനമായ ആലങ്ങാട് മർത്ത് മറിയം പള്ളി സഭാചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച ദൈവാലയമാണ്.  1742 മെയ് അഞ്ചിന് കരിയാറ്റിൽ പൈലി-മറിയം ദമ്പതികളുടെ പുത്രനായി ഔസേപ്പ് ജനിച്ചു. 1776 ൽ റോമിൽ വച്ച് പൗരോഹിത്യം സ്വീകരിച്ച കരിയാറ്റിൽ ഔസേപ്പ് മല്പാൻ അക്കാലത്ത് കേരളം മുഴുവനും അറിയപ്പെടുന്ന മല്പാനായിരുന്നു. വൈദിക പരിശീലനം നടത്തുന്നതിനായി ഒരു മല്പാനേറ്റും ആലങ്ങാട് പള്ളിയുടെ കീഴിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഡോക്ടറേറ്റ് ബിരുദവും ഡബിൾ ഡോക്ടറേറ്റ് ബിരുദവും നേടിയ വ്യക്തിയായി ഔസേപ്പ് മല്പാൻ കരുതപ്പെടുന്നു. റോമിൽ നിന്നാണ് അദേഹം ഉന്നത പഠനം പൂർത്തിയാക്കിയത്.

തിരികെ നാട്ടിലെത്തി വൈദിക പരിശീലനചുമതല ഏറ്റെടുത്ത അദേഹത്തെയും പാറേമ്മാക്കൽ തൊമ്മൻ കത്തനാരെയും അവരോടൊത്ത് ഒരു പ്രതിനിധി സംഘത്തെയും അഖില മലങ്കര പള്ളിയോഗം 1778 ൽ റോമിലേക്ക് വീണ്ടും യാത്രയാക്കി. പുത്തൻ കൂർ - പഴയ കൂർ എന്നിങ്ങനെ രണ്ടായി പിരിഞ്ഞ് നിന്ന നസ്രാണി സമൂഹത്തെ ഒന്നാക്കുന്നതിനുവേണ്ടി ആവശ്യമായ അനുവാദങ്ങൾ മാർപാപ്പയിൽനിന്ന് നേടിയെടുക്കാൻ വേണ്ടിയായിരുന്നു യാത്ര.

ഔസേപ്പ് മല്പാൻ്റെ സൽസ്വഭാവവും ജീവിത വിശുദ്ധിയും കണ്ടറിഞ്ഞ പോർച്ചുഗൽ രാജ്ഞി അദേഹത്തെ കൊടുങ്ങല്ലൂരിൻ്റെ മെത്രാപ്പോലീത്തായായി നിയോഗിച്ചു. പക്ഷേ നാട്ടിൽ എത്തുന്നതിനു മുൻപ്, 1786 സെപ്റ്റംബർ ഒൻപത് രാത്രി ഒൻപതരയ്ക്ക് ഗോവയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ അദേഹം കപ്പലിൽ വച്ച് മരണമടഞ്ഞു. ഗോവയിലെ സെൻ്റ് കാതറീൻ കത്തീഡ്രലിൽ പിറ്റേന്ന് കബറടക്കം നടത്തുകയും ചെയ്തു. ഏറെക്കാലം അജ്ഞാതമായിരുന്ന അദേഹത്തിൻ്റെ കബറിടം 1932 ൽ ആകസ്മികമായി കണ്ടെത്തി.

1960 ൽ കബറിടം തുറന്ന് ഭൗതിക ശേഷിപ്പുകൾ ആലങ്ങാട് പള്ളിയിലെ പ്രത്യേക കല്ലറയിൽ 1961 ൽ അത്യാഢംബരപൂർവം സംസ്കരിച്ചു. കാലപ്പഴക്കത്താൽ ജീർണ്ണിച്ച കബറിടം ഇടവക വികാരയായ ഫാ. പോൾ ചുള്ളിയിലിൻ്റെയും പള്ളി പൊതുയോഗത്തിൻ്റെയും നേതൃത്വത്തിൽ പുതുക്കി പണിയുകയും ചെയ്തു.  മാർത്തോമ്മാ നസ്രാണികളുടെ പുനരൈക്യവാഞ്ജയുടെ പ്രതീകമായിട്ടാണ് പുതുതലമുറ മാർ കരിയാറ്റിലിനെ നോക്കികാണുന്നത് . ഈ പുണ്യ പുരുഷന്റെ കബറിടം ഭംഗിയായി സൂക്ഷിക്കുക എന്നത് സഭാ ചരിത്രകുതുകികൾക്കൊപ്പം വിശ്വാസികളെയും ആഹ്ളാദിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.