മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133.80 അടിക്ക് മുകളില്‍; ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133.80 അടിക്ക് മുകളില്‍; ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴായിരം ഘനയടിയിലധികം വെള്ളം ഒഴുകിയെത്തുന്നുണ്ട്.

തമിഴ്നാട് 900 ഘയനടി മാത്രമാണ് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 .4 അടിക്ക് മുകളിലാണ്. 71 അടിയാണ് പരമാവധി സംഭരണ ശേഷി. ആദ്യഘട്ട ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനാല്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് തുറന്നു വിടാന്‍ തമിഴ്നാട് തയ്യാറല്ല.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും. കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 31 വരെ ഡാമിന്റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,380 അടിയാണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരുകയാണെന്നും ജലനിരപ്പ് കുടുന്നതനുസരിച്ച് വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കാന്‍ മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകളും തുറന്നു വിട്ടിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.