ഐ.എന്‍.എല്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി; പോലീസെത്തി മന്ത്രിയെ രക്ഷിച്ചു

ഐ.എന്‍.എല്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി; പോലീസെത്തി മന്ത്രിയെ രക്ഷിച്ചു

കൊച്ചി: പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന ഐ.എന്‍.എല്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗം ഉപേക്ഷിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ യോഗത്തില്‍ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി പ്രതിരോധത്തിലായ പി.എസ്.സി അംഗത്വ വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേര്‍ന്നത്.

സംഘര്‍ഷം രൂക്ഷമായതോടെ യോഗം നടക്കുന്ന ഹോട്ടലിലേക്ക് കൂടുതല്‍ പൊലീസ് എത്തി. കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ക്ഡൗണും ലംഘിച്ച് യോഗം നടത്താന്‍ അനുവദിച്ചതിന് ഹോട്ടലിനെതിരെ കേസെടുത്തു. ഇടതു മന്ത്രിസഭയിലെ ഏകാംഗ കക്ഷിയാണ് ഐ.എന്‍.എല്‍.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയോഗവുമാണ് ഇന്ന് ചേരാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പാതിവഴിയില്‍ പിരിച്ചു വിട്ട് മന്ത്രി തന്നെ പോലീസ് സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബും തമ്മിലുളള അഭിപ്രായ ഭിന്നതയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. യോഗത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലിന് പുറത്തെത്തിയ അബ്ദുള്‍ വഹാബ് യോഗം റദ്ദാക്കിയതായി മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടാകുകയും തെരുവില്‍ തമ്മില്‍ തല്ലുകയും ചെയ്തു. പൊലീസെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഒരുകൂട്ടം പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചതിലും പിഎസ്സി അംഗത്വത്തിനായി കോഴയുടെ പേരിലും പാര്‍ട്ടി വിവാദത്തിലായിരുന്നു. ഇതിനൊപ്പമാണ് മന്ത്രി പിഡിപി നേതാക്കളുടെയടുത്ത് സന്ദര്‍ശനം നടത്തി എന്ന വിവാദവും.

യോഗത്തില്‍ സംഘര്‍ഷം കനത്തതോടെ മന്ത്രിക്ക് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പോലീസ് എത്തിയാണ് അദ്ദേഹത്തെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.