കാര്‍ഗിലിലെ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്

കാര്‍ഗിലിലെ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്

കാര്‍ഗില്‍: ഇന്ത്യന്‍ സൈന്യം കാര്‍ഗിലില്‍ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്. ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ പാകിസ്താന്‍ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. ആ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്.

1999 മേയില്‍ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരില്‍ നിന്ന് സൈന്യത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു.

1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. തണുത്തുറഞ്ഞ കാര്‍ഗിലിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓര്‍മദിനമാണ് ഇന്ന്. ശ്രീനഗറില്‍നിന്ന് 202 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം.

ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം അഗ്നി വര്‍ഷിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് പട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിന്റ്, ടൈഗര്‍ഹില്‍ തുടങ്ങി തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.