ശമ്പളവും പെന്‍ഷനും ഇനി അവധി ദിനവും ക്രെഡിറ്റ് ആകും; 'നാച്ച്' എന്നുമെപ്പോഴും

ശമ്പളവും പെന്‍ഷനും ഇനി അവധി ദിനവും ക്രെഡിറ്റ് ആകും; 'നാച്ച്' എന്നുമെപ്പോഴും

മുബൈ: അവധി ദിവസമാണെന്നതിന്റെ പേരില്‍ ശമ്പളവും പെന്‍ഷനും മറ്റും ഇനി ഒട്ടും വൈകാതിരിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി.

നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (നാച്ച്) എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പാകും. ഇതോടെ ഡയറക്റ്റ് ബെനഫിറ്റ്, ഗവണ്‍മെന്റ് സബ്‌സിഡി, ഇഎംഐ പേയ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ ക്രെഡിറ്റ് ആകുന്നതിന് അവധി ദിനം തടസമാകില്ല. ഇവയുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ ഏതു സമയവും നടക്കും.

സാധാരണയായി തിങ്കളാഴ്ച മുതല്‍ വെള്ളി വരെ ബാങ്കുകള്‍ തുറന്നിരിക്കുമ്പോള്‍ മാത്രമേ നിലവില്‍ ഇത്തരം സൗകര്യം ലഭ്യമാകൂ. ശമ്പളവും പെന്‍ഷനുമൊക്കെ അക്കൗണ്ടില്‍ എത്തേണ്ട ദിവസം പലപ്പോഴും അവധി ദിവസങ്ങള്‍ ആകാറുണ്ട്. അതിനാല്‍ പണം ക്രെഡിറ്റ് ആകാന്‍ അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു.

ഇത് ഓഗസ്റ്റ് ഒന്നു മുതല്‍ മാറുകയാണ്. ഈ ധനകാര്യ ഇടപാടുകളെല്ലാം സാധ്യമാക്കുന്ന നാച്ച് ഏഴ് ദിവസവും 24 മണിക്കൂര്‍ ആക്കാനാണ് തീരുമാനമായിട്ടുള്ളത്. നിലവില്‍ നാച്ച് സേവനങ്ങള്‍ വാരാന്ത്യത്തിലും ലഭ്യമല്ല.

ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ പോലുള്ള ക്രെഡിറ്റ് കൈമാറ്റങ്ങള്‍ സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുടെ കീഴിലുള്ള ബള്‍ക്ക് പേയ്മെന്റ് സംവിധാനമാണ് നാച്ച്.

ഗ്യാസ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍, എന്നിവയുടെ ബില്ലുകള്‍, വായ്പകള്‍ക്കുള്ള ആനുകാലിക തവണകള്‍ (ഇഎംഐ), മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകളും ഇതിലൂടെ ശേഖരിക്കുന്നു കോവിഡ് സമയത്ത് സര്‍ക്കാര്‍ സബ്‌സിഡികള്‍ സമയബന്ധിതമായും സുതാര്യമായും ഗുണഭോക്താക്കള്‍ക്കു കൈമാറുന്ന ജനപ്രിയ ഡിജിറ്റല്‍ ബെനിഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡിബിടി) ഡിജിറ്റല്‍ മോഡായി നാച്ച് മാറിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.