പ്രഥമ ലോകാവയോജന ദിനാചരണം ആഗോളതലത്തിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം

പ്രഥമ ലോകാവയോജന ദിനാചരണം ആഗോളതലത്തിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം

വർത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം നടത്തി. ജൂലൈ 25 ഞായറാഴ്ചയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള ദിനാഘോഷം ലോകം മുഴുവന്‍ ആചരിച്ചത്.

ഈശോയുടെ വല്യപ്പനും വല്യമ്മയുമായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാള്‍ ദിനമായ ജൂലൈ 26 -നോട് ചേര്‍ന്നു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഈ ദിനാചരണം നടക്കുന്നത്. ഈ വർഷം ജനുവരി 31-നാണ് ഫ്രാൻസിസ് പാപ്പാ, മുത്തശ്ശീ മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ലോകദിനം പ്രഖ്യാപിച്ചത്. എല്ലാവർഷവും ജൂലൈ മാസത്തിലെ നാലമത്തെ ഞായറാഴ്‌ചയാണ് ഈ ദിനം ആചരിക്കുക.

ഇരുപത്തിയഞ്ചാം തീയതി വത്തിക്കാനിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വി. കുർബാന നടന്നു പ്രായം ചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീ മുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിച്ചു.
ദിവ്യബലിയുടെ അവസാനം യുവതി യുവാക്കൾ വല്യപ്പൻമാർക്കും വല്യമ്മച്ചിമാർക്കും പ്രായം ചെന്നവർക്കും “ഞാൻ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന ശീർഷകത്തിൽ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച സന്ദേശം പുഷ്പത്തോടപ്പം സമ്മാനിച്ചു.

ഈ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും പ്രായമായവരെ സന്ദർശിക്കാൻ യുവതീ യുവാക്കൾക്ക് സാധിക്കണം. സഭ നിഷ്ക്കർഷിച്ചിട്ടുള്ള കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, പാപ്പയുടെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന എന്നിവ സന്ദർശനത്തിന് മുമ്പോ പിമ്പോ, പാലിക്കുകയാണെങ്കിൽ അത് നമ്മുടെ പൂർണദണ്ഡവിമോചനത്തിന് കാരണമാകും.


അതേസമയം വെള്ളിയാഴ്‌ച ഈ ദിനാചരണത്തിന്റെ ഔദ്യോഗിക പ്രാർത്ഥന ഫ്രാൻസീസിസ് പാപ്പാ ചൊല്ലുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള മുത്തശ്ശീ മുത്തച്ഛന്മാരും പ്രായം ചെന്നവരും ഈ പ്രാർത്ഥന പാപ്പായോടൊപ്പം ചൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രാർത്ഥന പുറത്തിറക്കിയിരിക്കുന്നത്.

നമ്മുടെ വിശ്വാസം സംവർദ്ധകമാക്കാനും നമ്മെ സമാധാനത്തിന്റെ ഉപകരണമാക്കാനും വേണ്ടി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു. ഏകാന്തതയുടെ അവസരത്തിലും, സാമീപ്യത്തിലുടെ കർത്താവേകുന്ന സാന്ത്വനത്തിനും അവിടന്നേകിയ ദീർഘായുസിനും കുടുംബത്തിനുമുള്ള നന്ദി പ്രകാശനത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പ്രർത്ഥനയിൽ പാപ്പാ നമ്മെക്കാൾ കൂടുതൽ യാതനകളനുഭവിക്കുന്നവരെ സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കുന്നതിനും കർത്താവിനോട് പ്രാർത്ഥിക്കുന്നു.

പകർച്ചവ്യാധിയുടെ കൊടുങ്കാറ്റു ശമിക്കുന്നതിനും ലോകത്തെ നവീകരിക്കുന്നതിനും വേണ്ടി പരിശുദ്ധാരൂപിയെ അയയ്ക്കാനും പാപ്പാ യാചിക്കുന്നു. ബലഹീനതയിൽ താങ്ങായിരിക്കുന്നതിനും ലോകാന്ത്യം വരെ അനുദിനം കർത്താവ് കൂടെയുണ്ടെന്ന സുനിശ്ചിതത്വത്തിൽ ഓരോ നിമിഷവും അതിന്റെ പൂർണതയിൽ ജീവിക്കാനുള്ള അനുഗ്രഹമേകുന്നതിനും പാപ്പാ പ്രാർത്ഥിക്കുന്നു. ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന യാതനകളെക്കുറിച്ച് കർത്താവിനറിയാമെന്നും അവിടന്ന് നിസ്സംഗഭാവം പുലർത്തുന്നില്ലെന്നും മാർപാപ്പ പറഞ്ഞു.

വല്യപ്പൻമാർക്കും വല്യമ്മച്ചിമാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ലോകദിനം ആഗോളസഭാതലത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. പാപ്പാ തന്നെ ഏർപ്പെടുത്തിയ ഈ ദിനാചരണത്തിന്റെ വിചിന്തന പ്രമേയം  “എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”  (#IamWithYouAlways) എന്ന യേശുവചനം ഹാഷ്ടാഗായുള്ളതാണ് ഈ ട്വിറ്റർ സന്ദേശം.

ട്വിറ്റിൽ പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ ഓരോന്നും കർത്താവ്  അറിയുന്നു. ഒറ്റപ്പെടുത്തപ്പെട്ട് ഏകാന്തതയുടെ വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോകുന്നവരുടെ  ചാരെ അവിടന്നുണ്ട്; പകർച്ചവ്യാധി ഉപരി തീവ്രതരമാക്കിത്തീർത്ത നമ്മുടെ ഏകാന്തതയെക്കുറിച്ച് കർത്താവ് നിസ്സംഗത പുലർത്തുന്നില്ല”.

വിവിധഭാഷകളിലായി നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒൻപത് ഭാഷകളില്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.