സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍

സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍

സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍. ഇന്ത്യ കണ്ട എക്കാലത്തെയും ദീര്‍ഘവീക്ഷണവും എളിമയുമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് എ.പി.ജെ അബ്ദുല്‍ കലാം എന്ന പ്രതിഭാ സമ്പന്നന്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(20022007) അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം. 1931 ഒക്ടോബര്‍ 15നാണ് അദേഹത്തിന്റെ ജനനം. പ്രശസ്തനായ മിസൈല്‍ സാങ്കേതിക വിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശ വേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുള്‍കലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിസ്സൈല്‍ സാങ്കേതിക വിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2002ല്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെയും പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ജനകീയ നയങ്ങളാല്‍, 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25ന് സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജന സേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് & ടെക്നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു. 2015 ജൂലായ് 27-നു ഷില്ലോങ്ങില്‍ വിദ്യാര്‍ഥികളോട് പ്രഭാഷണം നടത്തുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.