പണം കൊടുത്താല്‍ വിദേശ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്

പണം കൊടുത്താല്‍ വിദേശ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്

കൊച്ചി: ഒരു യോഗ്യതയുമില്ലാതെ പണം കൊടുത്താല്‍ വിദേശ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് സംഘടിപ്പിച്ചു നല്‍കുന്ന ഏജന്‍സികള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നു. ഇടനിലക്കാര്‍ വഴിയാണ് ഇടപാടുകള്‍. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളാണ് ഇത്തരം ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈയില്‍ പണമുണ്ടെങ്കില്‍ ഇഷ്ടമുള്ള മേഖലയില്‍ പത്ത് ദിവസത്തിനുള്ളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കാം. പക്ഷെ, കിട്ടുന്നത് അംഗീകാരമില്ലാത്ത ഡോക്ടറേറ്റാണെന്ന് മാത്രം. കൊച്ചിയിലെ ചില സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എംഇബിസ് എന്ന ഏജന്‍സിയെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്ഥാപനത്തിന്റെ സിഇഒ ജിതേന്ദ്ര ചൗളയെ ബന്ധപ്പെട്ടപ്പോള്‍. കാലിഫോര്‍ണിയ പബ്ലിക്ക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റിന് വെറും ഒരു ലക്ഷം രൂപ മാത്രം. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയുടേതാണെങ്കില്‍ തുക രണ്ട് ലക്ഷം കൊടുക്കണം.

താത്പര്യമുണ്ടെന്ന് അറിയിച്ചവരോട് അപേക്ഷ ഫോം പൂരിപ്പിച്ചയക്കാനും പണം ഇടേണ്ട അക്കൗണ്ട് നമ്പര്‍ അയച്ചു തരാനും ആവശ്യപ്പെടുകയായിരുന്നു. ഏജന്‍സി നല്‍കുന്ന പിഎച്ച്ഡി ബിരുദങ്ങളുടെ ഒരു നീണ്ട പട്ടികയും കൈമാറി. ഇതില്‍ നിന്ന് വേണ്ടതൊക്കെ തെരഞ്ഞെടുക്കാം. കൂടാതെ ഡോക്ടറേറ്റ് ലഭിക്കുമ്പോള്‍ ഹിന്ദി ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത നല്‍കാമെന്നും വാഗ്ദാനം.
വ്യാജ മേല്‍വിലാസവും വെബ്‌സൈറ്റുകളും ഉണ്ടാക്കിയാണ് ഇത്തരം സംഘത്തിന്റെ പ്രവര്‍ത്തനം. ഉയര്‍ന്ന ജോലിക്കോ പൊങ്ങച്ചത്തിനോ ചുളുവില്‍ ഡോക്ടറേറ്റ് ബിരുദം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിനായി ബന്ധപ്പെട്ടവരോട് ഏജന്റ് പറഞ്ഞ കാലിഫോര്‍ണിയ പബ്ലിക്ക് യൂണിവേഴ്‌സിറ്റിയെന്ന സ്ഥാപനം പോലും അമേരിക്കയിലില്ല. കേരളത്തില്‍ ഇത്തരം ഏജന്‍സികളിലൂടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അധ്യാപകരടക്കമുള്ള ഒട്ടനവധി പേര്‍ സ്വന്തമാക്കിയിട്ടുണ്ട്. പണം കൊടുത്ത് വാങ്ങിയ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് തൊഴിലും പദവിയും നേടിയവരും നിരവധിയാണ്.

സര്‍വ്വകലാശാലകളുടെ ആസ്ഥാനം ഉത്തര കൊറിയ, ജര്‍മ്മനി, കാനഡ, യു എസ്എ തുടങ്ങിയ രാജ്യങ്ങളിലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ചെന്നൈ, ബാംഗ്ലൂര്‍, കാഠ്മണ്ഡു തുടങ്ങിയ ഇടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു മുമ്പ് ഡോക്ടറേറ്റ് സമ്മാനിച്ചിരുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഇത്തരത്തില്‍ പണം നല്‍കി വ്യാജ ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ടെന്നും സൂചനകള്‍ ഉണ്ട്. തമിഴ്‌നാട് ആസ്ഥാനമായുളളവരാണ് ഇത്തരം യൂണിവേഴ്‌സിറ്റികള്‍ക്ക് പിന്നിലെന്ന് തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ പരിശ്രമിക്കുന്ന കൂട്ടായ്മയും വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.