കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരം; ഏഴ് ജില്ലകളില്‍ സ്ഥിതി രൂക്ഷം: വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരം; ഏഴ് ജില്ലകളില്‍ സ്ഥിതി രൂക്ഷം: വീണ്ടും  മുന്നറിയിപ്പുമായി  കേന്ദ്ര ആരോഗ്യ മന്ത്രാലയം

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,വയനാട് എന്നീ ജില്ലകളില്‍ സ്ഥിതി രൂക്ഷം.

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് രോഗ വ്യാപനം ഗുരുതരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ രോഗ സ്ഥിതി രൂക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

രാജ്യത്ത് 22 ജില്ലകളിലാണ് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നത്. ഇതില്‍ ഏഴെണ്ണം കേരളത്തിലാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവയാണ് ഈ ജില്ലകള്‍. വ്യാപനം കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ വൈറസ് പെരുകുന്നത് പ്രധാന ആശങ്കയാണ്. കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കരുത്. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാല രോഗങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്. അതേസമയം രാജ്യത്തെ 62 ജില്ലകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 100 ന് മുകളിലാണെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് വാക്സിന്‍ ദൗര്‍ലഭ്യം ഉണ്ട്. വരും ദിവസം തന്നെ അതില്‍ പരിഹാരം ഉണ്ടാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 58 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 20,000 കടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.