ന്യുഡല്‍ഹി: പെഗാസസ് വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്, ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി.
പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്റിലെ സഹകരണത്തില്‍ അന്തിമ തീരുമാനമെന്നാണ് നിലപാട്. ഇന്ന് വൈകുന്നേരം മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്‌സഭയും ബുധനാഴ്ച ഉച്ചവരെ നിര്‍ത്തിവെച്ചു. ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ ഒഴികെയുള്ള 14 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
പല വിഷയങ്ങളിലും അടിയന്തര പ്രമേയം നല്‍കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെഗാസസ് വിഷയത്തില്‍ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം, പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം രാഹുല്‍ ഗാന്ധി തള്ളി. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പെഗാസസ്, കര്‍ഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സഭ ചേരുന്നതിന് മുമ്പ് രാഹുല്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.