കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍: പാലാ രൂപതയോടും മാര്‍ കല്ലറങ്ങാട്ടിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനഡല്‍ കമ്മീഷന്‍

കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍: പാലാ രൂപതയോടും മാര്‍ കല്ലറങ്ങാട്ടിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനഡല്‍ കമ്മീഷന്‍

കൊച്ചി: കുടുംബ വര്‍ഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷന്‍ ചെയര്‍മാന്‍.

മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാര്‍ഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രഖ്യാപനമെന്നു മാര്‍ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നില്‍ സിനഡല്‍ കമ്മീഷന്‍ ഉറച്ചുനില്‍ക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. പാലാ രൂപതയില്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമ പദ്ധതികള്‍ക്ക് സമാനമായ പദ്ധതികള്‍ സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോ ലൈഫ് നയമാണ് സഭയ്ക്കുള്ളത്.

മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യ വ്യവസ്ഥിതിയാണ് കുടുംബം. വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിവയുടെ നിലനില്‍പിനു ഭീഷണിയാകുന്ന നിലപാടുകള്‍ സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കും. ഇത്തരം കാര്യങ്ങളില്‍ പ്രതിലോമ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ചില മാധ്യമങ്ങളും ഏതാനും കലാകാരന്‍മാരും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നാടായ ഭാരതത്തില്‍ പൊതുസമൂഹത്തിനും യഥാര്‍ത്ഥത്തില്‍ ഉല്‍കണ്ഠ ഉണ്ടാകേണ്ടതാണ്.

വലിയ കുടുംബങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധ, നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നശിപ്പിക്കാനുള്ള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷന്‍ അംഗങ്ങള്‍ ഓര്‍മിപ്പിച്ചു.

കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ.ഫിലിപ്പ് വട്ടയത്തില്‍, പ്രോ ലൈഫ് സെക്രട്ടറി സാബു ജോസ്, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, കുടുംബ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, ഗ്ലോബല്‍ കത്തോലിക്കാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.