കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ച: കേന്ദ്ര സംഘം വീണ്ടുമെത്തുന്നു; ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ച: കേന്ദ്ര സംഘം വീണ്ടുമെത്തുന്നു; ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു. വരും ദിവസങ്ങളില്‍ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്‍ വീഴ്ച പറ്റിയെന്ന്് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിമര്‍ശിച്ചു. രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. അടുത്തിടെ നടന്ന ആഘോഷ പരിപാടികളില്‍ ഇളവ് അനുവദിച്ചത് കേരളത്തില്‍ തീവ്ര വ്യാപനത്തിന് കാരണമായെന്നും രാജേഷ് ഭൂഷന്റെ കത്തിലുണ്ട്.

ഇളവുകള്‍ നല്‍കുന്നതില്‍ സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്ന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു. ജൂലൈ അഞ്ചു മുതല്‍ ഒമ്പതു വരെ കേരളത്തിലെ കോവിഡ് സാഹചര്യം നിരീക്ഷിക്കാനെത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം കത്തയച്ചത്.

ജൂണ്‍ 28ന് ശേഷം കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനം വര്‍ധന ഉണ്ടായി. മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരില്‍ 45.4 ശതമാനവും രോഗികള്‍ വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കേരളം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ സജീവ കേസുകളില്‍ 95 ശതമാനവും വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഇതിനുള്ള മാനദണ്ഡം കൃത്യമായി പാലിക്കണം. ജൂലായ് 10-19 വരെയുള്ള 10 ദിവസം കൊണ്ട് സംസ്ഥാനത്ത് 91,617 പുതിയ കോവിഡ് കേസുകളും 775 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.