തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കി പ്രതിഷേധം ശമിപ്പിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി കേരളബാങ്കിനെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 300 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നിയന്ത്രണം ഭാഗികമായി കേരള ബാങ്ക് ഏറ്റെടുക്കും. 30 ന് നടക്കുന്ന കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പ്രത്യേക യോഗം വിളിച്ച് കണ്‍സോര്‍ഷ്യം രൂപീകരിച്ചേക്കും.
ആദ്യപടിയായാണ് കേരള ബാങ്ക് ഭാഗിക നിയന്ത്രണം ഏറ്റെടുക്കുന്നത്. ഒരു ഉദ്യോഗസ്ഥനെ നിരീക്ഷണത്തിനു ചുമതലപ്പെടുത്തും. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നുവെന്നാണ് അനുമാനിക്കുന്നത്. അതേസമയം ഈടില്ലാതെ വായ്പ നല്‍കാനാകില്ലെന്ന ആശങ്കയിലാണ് കേരളബാങ്ക്. ഈടില്ലാതെ വായ്പ നല്‍കിയാല്‍ റിസര്‍വ് ബാങ്ക് നടപടിയുണ്ടാകാനിടയുണ്ട്. അതിനാല്‍ മുഴുവന്‍ കടബാധ്യതയും വഹിക്കാന്‍ പ്രയാസമാകും. കേരളബാങ്ക് വിഷയത്തില്‍ ഇടപെടുമെന്ന് ബാങ്ക് വൈസ് പ്രസിഡന്റേ എം.കെ കണ്ണന്‍ വ്യക്തമാക്കി. ജപ്തി നടപടി പരിഹാരമായി കേരള ബാങ്ക് കാണുന്നില്ല. ജപ്തി നോട്ടീസ് ലഭിച്ച ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇനി അത്തരം നടപടിയുണ്ടാകില്ല.
നിലവില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന് കേരളബാങ്കില്‍ 50 കോടിയുടെ വായ്പയുണ്ട്. ഈട് ഇല്ലാതെയാണ് വായ്പ. ഇതാണ് മുഖ്യ ആശങ്ക. മുമ്പ് റബ്കോയ്ക്ക് സര്‍ക്കാര്‍ നല്‍കിയതു പോലെ പണം നല്‍കാനാകുമോ എന്നും പരിശോധിക്കുന്നു. അതിനിടെ നടപടി ഏകപക്ഷീയമായി ചിലരില്‍ ഒതുക്കിയെന്നു സി.പി.എമ്മിനകത്ത് തന്നെ മുറുമുറുപ്പുണ്ട്. പ്രമുഖര്‍ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ കാട്ടിയില്ലെന്നും പറയുന്നു. സംസ്ഥാന കമ്മിറ്റിക്കും ഇക്കാര്യത്തില്‍ പൂര്‍ണ തൃപ്തിയില്ല.
മുന്‍ ജില്ലാസെക്രട്ടറിമാരായ ബേബിജോണ്‍, എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍, ഇപ്പോഴത്തെ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവര്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. മേല്‍കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുന്നതില്‍ വലിയ വീഴ്ച്ചയുണ്ടായെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിനും കേന്ദ്രകമ്മിറ്റിക്കും പരാതി നല്‍കാനും നീക്കമുണ്ട്.
ആക്ഷേപമുയര്‍ന്നപ്പോള്‍ പി കെ ബിജു, പി കെ ഷാജന്‍ എന്നിവരെ അന്വേഷണ കമ്മീഷനായി വെച്ചു. അവരുടെ റിപ്പോര്‍ട്ടും ബാങ്കില്‍ തെറ്റുകള്‍ നടന്നു എന്നു തന്നെയാണ്. 2020 ഡിസംബറില്‍ ഉപസമിതി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന കാരണം പറഞ്ഞ് ഒരു ഉന്നത നേതാവ് സമ്മര്‍ദം ചെലുത്തിയതോടെ നടപടികള്‍ വീണ്ടും നീണ്ടു. വിഷയം സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ചയ്ക്കു വരുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.