ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്

 ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ 20 വരെ നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണ്‍ ഉത്തരവ്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. ഉത്തരവിന്റെ നിയമ വശം പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ റാങ്ക് പട്ടികകളായ എല്‍ഡിസി, എല്‍ജിഎസ് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിച്ചിട്ടുണ്ട്. പുതിയ റാങ്ക് പട്ടികകള്‍ നിലവില്‍ വരുന്നതു വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് നാല് വരെ നീട്ടിയത്. കോവിഡും ലോക്ക്ഡൗണും കാരണം അഡ്വൈസ് മെമ്മോ ലഭിക്കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യാഗാര്‍ഥികള്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

എല്‍ജിഎസ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പു സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തിയത് ഒന്നാം പിണറായി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു സര്‍ക്കാര്‍ ഒട്ടേറെ ഉറപ്പുകള്‍ നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സമരം ആരംഭിച്ചിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.