കോവിഡ്: വ്യാപാരികള്‍ക്ക് 5650 കോടിയുടെ പ്രത്യേക പാക്കേജ്; 20,000 കോടിയുടെ ആദ്യ പാക്കേജിനെപ്പറ്റി ഇപ്പോഴും ആക്ഷേപം

കോവിഡ്: വ്യാപാരികള്‍ക്ക്  5650 കോടിയുടെ പ്രത്യേക പാക്കേജ്; 20,000 കോടിയുടെ ആദ്യ പാക്കേജിനെപ്പറ്റി  ഇപ്പോഴും ആക്ഷേപം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങായി 5650 കോടിയുടെ പാക്കേജാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.

രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് ഇളവ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെഎഫ്സി വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കില്‍ ഒരുവര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തി. ചെറുകിടക്കാര്‍ക്ക് ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കും. കെഎസ്എഫ്ഇ വായ്പകള്‍ക്ക് പിഴപലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കോവിഡിന്റെ ആദ്യ തരംഗം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല എന്ന വ്യാപകമായ ആക്ഷേപം ഇപ്പോഴുമുണ്ട്. കുടുംബശ്രീ വഴി 2,000 കോടിയുടെ വായ്പ നല്‍കാനുള്ള തീരുമാനം തുടക്കത്തിലെ പാളി. പെന്‍ഷന്‍ ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കുന്നതടക്കം പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും പലതും നടപ്പായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.