ടോക്യോ ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍

ടോക്യോ ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍

ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. (4-1) സെമി ഫൈനലില്‍ കടന്നതോടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു.

ലോവ്‌ലിന ഉറപ്പിച്ചത് ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണ്. വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗം മത്സരത്തില്‍ ആദ്യ റൗണ്ടില്‍ കൃത്യമായ മേധാവിത്വം താരം പുലര്‍ത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ അഞ്ച് ജഡ്ജുമാരും 10 പോയിന്റ് താരത്തിന് നല്‍കി. ആദ്യ റൗണ്ടില്‍ മൂന്ന് പേരാണ് താരത്തിന് 10 പോയിന്റ് നല്‍കിയത്. കൃത്യമായ പഞ്ചുകളും ഹുക്കുകളുമായിരുന്നു ലോവ്‌ലിനയുടെ ശക്തി. അവസാന റൗണ്ടില്‍ നാല് ജഡ്ജുകളും 10 പോയിന്റ് താരത്തിന് നല്‍കി.

പ്രീക്വാര്‍ട്ടറില്‍ അനായാസം ഉറച്ച പഞ്ചുകളോടെ താരം ജയിച്ച് കയറിയിരുന്നു. മേരി കോമിന് ശേഷം ഇന്ത്യന്‍ താരോദയമാണ് ലോവ്‌ലിന. 23 വയസുകാരിയായ താരം ഗുവാഹത്തി സ്വദേശിയാണ്. ലോവ്ലിനയുടെ ആദ്യ ഒളിമ്പിക് നേട്ടമാണ്. 2021ല്‍ ദുബായില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്നാം സ്ഥാനം ലോവ്‌ലിന നേടിയിരുന്നു. 2017ലും വെങ്കല മെഡല്‍ കരസ്ഥമാക്കി. 2019ലെ ലോക്ചാമ്പ്യന്‍ ഷിപ്പില്‍ 3ാം സ്ഥാനവും നേടിയിരുന്നു. 2018ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി. ആദ്യ മെഡല്‍ ഇന്ത്യക്കായി നേടിയത് ഭാരോദ്വഹനത്തില്‍ മീര ബായ് ചാനുവായിരുന്നു.

അതേസമയം ടോക്യോ ഒളിമ്പിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായ മനു ഭാക്കറും രാഹി സര്‍ണോബത്തും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു ഭാക്കര്‍ 11ാമതാണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.