മദ്യശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഹൈക്കോടതി

മദ്യശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഹൈക്കോടതി

കൊച്ചി: മദ്യ വില്‍പ്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. തൃശൂര്‍ കുറുപ്പം റോഡിലെ മദ്യവില്‍പ്പനശാല സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വില്‍പന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നതായും കോടതി നിരീക്ഷിച്ചു. വില്‍പ്പന ശാലകള്‍ തുറക്കുമ്പോള്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ വേണം വില്‍പ്പനയെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അടുത്ത മാസം 11ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
അതേസമയം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ ഒന്‍പതിന്‌ വില്‍പ്പനശാലകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിലെ എക്‌സൈസ് കമീഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്നും കോടതി പറഞ്ഞു.
കുറുപ്പം റോഡിലേത് ഉള്‍പ്പെടെ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ബെവ്കോ കോടതിയെ അറിയിച്ചിരുന്നു. ചില്ലറ വില്‍പനശാലകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ എക്‌സൈസ് കമ്മീഷണറെയും ബവ്കോ സിഎംഡിയെയും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.