പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു; നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭീകരരുടെ കൂടുതല്‍ താവളങ്ങള്‍

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു; നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭീകരരുടെ കൂടുതല്‍ താവളങ്ങള്‍

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ അബു സെയ്ഫുള്ളയെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹംഗല്‍മാര്‍ഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ബന്ധു കൂടിയായ ഇയാളെ കൊലപ്പെടുത്തിയതെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ അറിയിച്ചു.

അദ്നാന്‍, ഇസ്മായേല്‍, ലാംബൂ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഭീകരനെയും വധിച്ചിട്ടുണ്ട്. 2019 ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ പ്രകോപനം തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭീകരരുടെ താവളങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കാശ്മീരില്‍ വരും ആഴ്ചകളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. നിയന്ത്രണ രേഖയ്ക്ക് കുറുകെ 250 ഓളം ഭീകരര്‍ ഉണ്ടെന്നും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 40 പേര്‍ കൂടി ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നിവയെക്കൂടാതെ ഭീകരവാദ സംഘടനയായ അല്‍ ബദറിനെ പാകിസ്ഥാന്‍ ശക്തിപ്പെടുത്തുന്നുവെന്ന സൂചനയും പുറത്തു വരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം അഥ്മുഖം, ശാര്‍ദി എന്നിവിടങ്ങളില്‍ രണ്ട് അല്‍ ബദര്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ ഭീകരവാദികളുടെ റിക്രൂട്ട്‌മെന്റ് തുടരുകയാണ്. ഈ വര്‍ഷം പകുതിവരെ 60 പേരെ ഭീകരര്‍ റിക്രൂട്ട് ചെയ്തിട്ടുണ്ട്. അവരില്‍ പകുതിയോളം ലഷ്‌കര്‍ തൊയ്ബയിലും 11 പേര്‍ അല്‍ ബദറിലും ചേര്‍ന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.