ടോക്കിയോ: ടോക്യോ ഒളിംപിക്‌സിലെ വിജയികള്‍ അണിയുന്ന മെഡലുകള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്. ചിലപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണ റീസൈക്ലിംഗിന്റെ ഉത്പന്നമാണ് ടോക്യോ 2020 ലെ ഓരോ മെഡലുകളും. ഒളിംപിക്‌സിന് വേണ്ട 5000 മെഡലുകള്‍ നിര്‍മ്മിച്ചത് തന്നെ ജപ്പാന്‍ പൗരന്മാര്‍ നല്‍കിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ്.
ടോക്യോ 2020 മെഡല്‍ പ്രൊജക്റ്റ് എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. ഈ പ്രൊജക്റ്റ് പ്രകാരം ജപ്പാന്‍ പൗരന്മാരില്‍ നിന്നും ശേഖരിച്ച പഴയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ലഭിച്ചത് 30 കിലോ സ്വര്‍ണ്ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം. മെഡലിന് ആവശ്യമായ സ്വര്‍ണ്ണത്തിന്റെ 94 ശതമാനവും, വെള്ളിയുടെയും വെങ്കലത്തിന്റെയും 85 ശതമാനവും ഈ പദ്ധതി പ്രകാരം ലഭിച്ചു. 2018ലാണ് ഈ റീസൈക്ലിംഗ് പദ്ധതി പ്രഖ്യാപിച്ചത്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് ജപ്പാന്‍ ജനത പദ്ധതിയിലേക്ക് നല്‍കിയത്. 2017 മുതല്‍ തന്നെ പൊതുസ്ഥലങ്ങളില്‍ ഉപകരണങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം ജപ്പാന്‍ ഒരുക്കിയിരുന്നു.
പൊതുജന പങ്കാളിത്തത്തോടെ നടന്ന ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതിയാണ് ടോക്യോ ഒളിമ്പിക്‌സിന് അനുബന്ധമായി നടന്ന ടോക്യോ 2020 മെഡല്‍ പ്രൊജക്റ്റ്. സ്മാര്‍ട്ട് ഉപകരണത്തിന്റെ സിപിയു, ജിപിയു എന്നിവിടങ്ങളില്‍ നിന്നാണ് മെഡലുകള്‍ക്ക് ആവശ്യമായ സ്വര്‍ണ്ണം ലഭിക്കുന്നത്. ഇ-വേസ്റ്റുകളില്‍ നിന്നും പ്ലാറ്റിനം, പലേഡിയം എന്നിവയും വേര്‍തിരിക്കാനാകും. ഒരു ടണ്‍ ഇലക്ട്രോണിക്ക് വേസ്റ്റില്‍ നിന്നും 3000 ഗ്രാം സ്വര്‍ണ്ണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്ത് ഉത്പാദിപ്പിക്കുന്നതില്‍ ഏഴു ശതമാനം സ്വര്‍ണ്ണം ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടോക്യോ മത്സരത്തില്‍ നല്‍കുന്ന മെഡലുകളുടെ രൂപകല്‍പ്പന പ്രത്യേക മത്സരം നടത്തിയാണ് തെരെഞ്ഞെടുത്തത്. ഗ്രീക്ക് വിജയദേവതയും, ഒളിംപിക് ചിഹ്നവും എല്ലാം അടങ്ങുന്നതാണ് മെഡല്‍. ഒപ്പം തന്നെ ജപ്പാനീസ് കിമോണ ലെയറിംഗ് സാങ്കേതം ഉപയോഗിച്ചാണ് മെഡല്‍ റിബണ്‍ തയ്യാറാക്കിയിരിക്കുന്നത്. പലപ്പോഴും ഒളിംപിക്‌സ് നടക്കുമ്പോള്‍ പ്രധാന മനുഷ്യാവകാശ സംഘടനകള്‍ മെഡലുകളുടെ ലോഹത്തിന്റെ കാര്യങ്ങള്‍ വരുമ്പോള്‍ ലോകത്തിലെ ഖനി മേഖലയിലെ ചൂഷണവും മറ്റും ചര്‍ച്ചയാക്കാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാണ് ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.