678 തദ്ദേശ സ്ഥാപനങ്ങളില്‍ ടി.പി.ആര്‍ പത്തിനു മുകളില്‍: ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും; കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍

678 തദ്ദേശ സ്ഥാപനങ്ങളില്‍ ടി.പി.ആര്‍ പത്തിനു മുകളില്‍: ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും; കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍

ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം തുടങ്ങിയ ജൂണ്‍ 16ന് 23 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു കടുത്ത നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വിഭാഗത്തിലുള്ളത് 323 തദ്ദേശ സ്ഥാപനങ്ങളാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അതിതീവ്ര മേഖലകളില്‍ ക്ലസ്റ്റര്‍ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. വീടുകളില്‍ കഴിയുന്ന രോഗികള്‍വഴി കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള നടപടികളുമുണ്ടാകും.

രോഗ സ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആര്‍.) അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകം വേര്‍തിരിച്ച് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ഗുണം ചെയ്യുന്നില്ലെന്നും അശാസ്ത്രീയമാണെന്നും ഡോക്ടര്‍മാരടക്കം ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുകണക്കിലെടുത്താകും നിയന്ത്രണങ്ങളില്‍ പൊളിച്ചെഴുത്തുവേണമോ എന്ന് തീരുമാനിക്കുക.

അതേസമയം, ടി.പി.ആര്‍ പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ നിയന്ത്രണം കുടുപ്പിക്കണമെന്ന് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചും ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ പാലിച്ചും മുന്നോട്ടു പോവുകയെന്ന നിര്‍ദേശമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്നത്. മൂന്നാം തരംഗത്തിന് മുന്നോടിയായി പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കണം.

മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ സര്‍വേ പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യവും കേരളത്തിലുണ്ട്. രണ്ടാം തരംഗം ശമിക്കും മുമ്പ് മൂന്നാം തരംഗമുണ്ടായാല്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാനാവാത്ത വിധം രോഗികളുടെ എണ്ണം കുതിച്ചുയരാനിടയുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിലവില്‍ 323 തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളുള്ള ഡി വിഭാഗത്തിലാണ്. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം തുടങ്ങിയ ജൂണ്‍ 16 ന് ഇത് 23 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു. 355 തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നേരിയ ഇളവുകളോടെ സി കാറ്റഗറിയിലും തുടരുന്നു.

ഡി കാറ്റഗറിയിലും സി കാറ്റഗറിയിലുമായി ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളിലുള്ള 678 തദ്ദേശസ്ഥാപനങ്ങളുണ്ട്. ടി.പി.ആര്‍ അഞ്ചിനും പത്തിനുമിടയിലുള്ള 294 തദ്ദേശ സ്ഥാപനങ്ങള്‍ ബി കാറ്റഗറിയിലുമുണ്ട്. ടി.പി.ആര്‍ അഞ്ചില്‍ത്താഴെയുള്ള 62 തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമാണ് എ കാറ്റഗറി ഇളവുകളുള്ളത്.

അതിനിടെ കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.

ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു. കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് കേന്ദ്രം സംഘം അടിയന്തിരമായി കേരളത്തിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.