പത്തനംതിട്ട: അച്ഛനെ ആതുരാലയത്തിലാക്കി ഓട്ടോറിക്ഷയില്‍ മടങ്ങുന്ന മകനെ നോക്കി നില്‍ക്കുന്ന അച്ഛന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുറ്റപ്പെടുത്തലുകള്‍ നിറഞ്ഞ കമന്റുകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമപ്പുറം നിസഹായനായ ഒരു മകന്റെയും അച്ഛന്റെയും യഥാര്‍ത്ഥ കഥ തിരയാന്‍ ആരും മിനക്കെട്ടില്ല. പത്തനംതിട്ട സ്വദേശി സുകുമാരനെ മകന്‍ എന്തിനായിരിക്കും പത്തനംതിട്ട തുമ്പമണ്ണിലെ ബത്സേഥ ഹോമിലെത്തിയത്.
ആതുരാലയത്തിന്റെ അഴികളില്‍ പിടിച്ച് യാത്രയാകുന്ന മകനെ നോക്കി നില്‍ക്കുന്ന അച്ഛന്റെ ചിത്രം. വേദിപ്പിക്കുന്ന കാഴ്ചയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ സംഭവം ഇങ്ങനെ. തണ്ണിത്തോട് സ്വദേശിയായ എണ്‍പത്തിയേഴുകാരന്‍ സുകുമാരന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെയെത്തിയത്. ഭാര്യ മരിച്ചു പോയ വ്യക്തിയാണ് സുകുമാരന്‍. 87 വയസായി. തൃശൂരില്‍ ടാപ്പിംഗ് തൊഴിലാളിയായ മകന്‍ ജോലി ഉപേക്ഷിച്ചാല്‍ സുകുമാരന്റെ മരുന്നും ഭക്ഷണവും മുടങ്ങും. മലയോര മേഖലയായ തണ്ണിത്തോട്ടിലെ വീട്ടില്‍ അച്ഛനെ ഒറ്റക്കാക്കാനും ആവില്ല. പൊലീസും നാട്ടുകാരും നിര്‍ദേശിച്ചതനുസരിച്ചാണ് സുകുമാരനെ ആതുരാലയത്തില്‍ എത്തിച്ചത്.
ബത്സേഥ ഹോമിന്റെ ഡയറക്ടര്‍ ഫാ. സന്തോഷ് ജോര്‍ജാണ് മകന്റെയും അച്ഛന്റെയും വൈകാരിക നിമിഷം മൊബൈലില്‍ പകര്‍ത്തിയത്. നിസഹായമായ ജീവിതാവസ്ഥയിലെ രണ്ട് മനുഷ്യരുടെ ചിത്രം സമൂഹത്തിന് ചിന്തിക്കാനുള്ളതാണെന്ന ബോധ്യത്തില്‍ നിന്നാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
സദുദ്ദേശത്തോടെ പങ്കുവച്ച ചിത്രം വളച്ചൊടിക്കപ്പെടുകയായിരുന്നു. ആരോ ഏതോ പ്രൊഫൈലില്‍ നിന്ന് കുറിച്ച കുത്തുവാക്കുകള്‍ കഥയറിയാതെ പലരും പങ്കുവച്ചപ്പോള്‍ നിസഹായരായ ഈ മനുഷ്യനും മകനും ഇരയാവുകയായിരുന്നു. മകന്‍ വന്നപ്പോഴേ താന്‍ കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചിരുന്നുവെന്ന് വൈദികന്‍ പറഞ്ഞു. എന്നാല്‍ മകന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ മനസിലാക്കിയാണ് പിതാവിനെ സ്വകീരിച്ചതെന്ന് വൈദികന്‍ വ്യക്തമാക്കി. സുകുമാരന്‍ ചേട്ടന്‍ ബത്സേഥയില്‍ സന്തോഷവാനാണെന്ന് ഫാ. സന്തോഷ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.