ഫ്‌ളോറിഡയില്‍ കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകള്‍ 21000 കടന്നു

ഫ്‌ളോറിഡയില്‍ കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകള്‍ 21000 കടന്നു

ഒര്‍ലാണ്ടോ: യു.എസ്. സംസ്ഥാനമായ ഫ്‌ളോറിഡയില്‍ കോവിഡ് വ്യാപനം രൂക്ഷം. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 21,683 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച കണക്കുകള്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചത്.

സംസ്ഥാനത്തെ തീം പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശകരും ജീവനക്കാരും ഔട്ട്‌ഡോറിലും ഇന്‍ഡോറിലും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വാക്‌സിന്‍ എടുത്തവരാണെങ്കിലും വീടിനുള്ളിലും പുറത്തും മാസ്‌ക് ധരിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഫ്‌ളോറിഡയില്‍ ഡെല്‍റ്റ വൈറസിന്റെ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. യു.എസിലെ പുതിയ കേസുകളില്‍ അഞ്ചിലൊന്ന് ഫ്‌ളോറിഡയിലാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു മുന്‍പ് ജനുവരി ഏഴിനാണ് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്-19,334. വാക്‌സിന്‍ വിതരണം വ്യാപകമാകുന്നതിനു മുന്‍പുള്ള കണക്കാണിത്.

സംസ്ഥാനത്ത് ഈ ആഴ്ച 409 പേരാണ് കോവിഡിനെതുടര്‍ന്ന് മരിച്ചത്. ഏറ്റവും ഉയര്‍ന്ന കോവിഡ് മരണങ്ങളുണ്ടായത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് പകുതിയോടെയാണ്. ഏഴ് ദിവസത്തിനിടെ 1,266 പേരാണു മരിച്ചത്. യു.എസില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും കോവിഡ് കേസുകളും മരണസംഖ്യയും വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

യു.എസിലെ കാലാവസ്ഥയാണ് നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമെന്നു ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ പേരും വീടിനുള്ളില്‍ കഴിയുകയാണ്. ചൂടുള്ള കാലാവസ്ഥ കാരണം എയര്‍ കണ്ടീഷന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് വ്യാപനത്തിനു കാരണമാകുന്നു. 12 വയസും അതില്‍ കൂടുതലുമുള്ള 60% ഫ്‌ളോറിഡക്കാരും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

ആശുപ്രതികള്‍ കഴിഞ്ഞ വര്‍ഷത്തേപ്പോലെ കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞതായി ഫ്‌ളോറിഡ ഹോസ്പിറ്റല്‍ അസോസിയേഷന്‍ പറഞ്ഞു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കാനായി അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഒഴിവാക്കണമെന്ന്് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.