കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം; മാര്‍ കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍ പാലാ രൂപതയിലെ പള്ളികളില്‍ വായിച്ചു

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം; മാര്‍ കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍ പാലാ രൂപതയിലെ പള്ളികളില്‍ വായിച്ചു

പാല: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായം അടക്കമുള്ള ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍ രൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ വായിച്ചു. മൂന്ന് കുട്ടികളില്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലറിന് വിശ്വാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അഞ്ച് കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. നാലാമത്തെ പ്രസവം മുതല്‍ സഭയുടെ കീഴിലെ ആശുപത്രികളില്‍ ചികിത്സ സൗജന്യമാക്കും. ഇത്തരം കുട്ടികള്‍ക്ക് നഴ്‌സിങ്, എന്‍ജിനീയറിങ് കോഴ്‌സുകളില്‍ ആനുകൂല്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് പ്രത്യേക പരിഗണനയും നല്‍കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദേശ പ്രകാരം ആഗോള കത്തോലിക്കാ സഭ കുടുംബ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആനുകൂല്യങ്ങള്‍ ഈ മാസം മുതല്‍ വിതരണം ചെയ്യുമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.

അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള തീരുമാനം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ചുള്ള നല്ല ഇടയന്റെ പ്രതികരണമെന്നായിരുന്നു സീറോ മലബാര്‍ സഭ വ്യക്തമാക്കിയത്.

പാലാ രൂപതയോടും മാര്‍ കല്ലറങ്ങാട്ടിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിറോ മലബാര്‍ സഭ അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നില്‍ സിനഡല്‍ കമ്മീഷന്‍ ഉറച്ചു നില്‍ക്കുകയും അതിനെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി. പാലാ രൂപതയില്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമ പദ്ധതികള്‍ക്ക് സമാനമായ പദ്ധതികള്‍ സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളതെന്നും സീറോ മലബാര്‍ സഭ നേരത്ത വിശദമാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.