കോവിഡിൻ്റെ ദുരിതം എന്ന് തീരും?

കോവിഡിൻ്റെ ദുരിതം  എന്ന് തീരും?

കോവിഡ് തുടങ്ങിയതിൽ പിന്നെ കലാലയത്തിൽ പോകാത്ത കൊച്ചുമകൻ അപ്പാപ്പനോട് ചോദിച്ചു:
"ഈ ദുരിതം എന്നു തീരും? എത്ര നാളായി ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കുന്നു? അപ്പാപ്പൻ കൊച്ചുമോനെ
അരികിലേക്ക് വിളിച്ചു: ''ഞാൻ ഒരു കഥ പറയാം. നീ ഗൾഫ് യുദ്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?തൊണ്ണൂറുകളിലാണ് അത്. അന്ന് അപ്പാപ്പൻ കുവൈറ്റിൽ. യുദ്ധം കടുത്ത ദിവസങ്ങളിൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. എൻ്റെ നാടിനെയും മക്കളെയും കാണാൻ ഇനി കഴിയുമോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് . പുറത്തിറങ്ങാൻ കഴിയാതെ ജപമാല ചൊല്ലിയും പ്രാർത്ഥിച്ചുമാണ് ചിലവഴിച്ചത്. ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു. മൊബൈൽ ഫോണോന്നും ഇല്ലാത്തതിനാൽ വീട്ടുകാരെ ഒന്ന് വിളിക്കാൻ പോലും കഴിയാത്ത കാലം. എൻ്റെ പേടിയും ആധിയും കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ വാക്കുകളാണ് എന്നെ ബലപ്പെടുത്തിയത്. അവൻ പറഞ്ഞു: 'കാറ്റിനെയും കടലിനെയും ശാന്തമാക്കിയവനാണ് ദൈവം. കുവൈറ്റിലെ ഈ ജോലി ആ ദൈവം തന്നെയല്ലെ നമുക്ക് നൽകിയത്? നമ്മൾ സുരക്ഷിതരായ് നാട്ടിലെത്തണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടുത്തെ ഹിതം നിറവേറാൻ വേണ്ടി പ്രാർത്ഥിക്കുക. എല്ലാം ദൈവം നോക്കിക്കൊള്ളും.'ആ വാക്കുകൾ പകർന്ന ബലം വലുതായിരുന്നു. അതുകൊണ്ട് അപ്പാപ്പന് മോനോട് ഒന്നേ പറയാനുള്ളു; ഗൾഫ് യുദ്ധം അവസാനിച്ച് ഞാൻ തിരിച്ചെത്തിയതുപോലെ ഈ ദുരിതമെല്ലാം മാറും. ദൈവം മാറ്റും. വീണ്ടും സുഹൃത്തുക്കളെ കാണാനും കലാലയത്തിൽ പോകാനും നിനക്ക് കഴിയും. പ്രത്യാശ കൈവിടരുത്. നമ്മുടെ ദൈവം നല്ലവനാണ്."പ്രതിസന്ധിഘട്ടങ്ങളിൽ ദൈവത്തോട് ചോദ്യങ്ങൾ ചോദിക്കാനും പഴിചാരാനുമാണ് പലപ്പോഴും മനുഷ്യൻ ശ്രമിക്കുക.

എന്തുകൊണ്ടെനിക്ക് ഈ രോഗം? എൻ്റെ കുടുംബത്തിനു മാത്രം ഈ ദുരിതം? എത്ര അധ്വാനിച്ചിടും നയാപൈസ പോലും കയ്യിലില്ലല്ലോ.... തുടങ്ങി എത്രയെത്ര ചോദ്യങ്ങളാണ് നാം ദൈവത്തോട് ഉന്നയിക്കാറുള്ളത്? അതിനു പകരമായി ഈ വിഷമഘട്ടം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്ത്, തരണം ചെയ്യാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്. "മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌ " (ലൂക്കാ 18 : 27) എന്ന വചനത്തിൽ വിശ്വസിച്ച് മുന്നേറാൻ നമുക്ക് പരിശ്രമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26