പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി; അപ്രഖ്യാപിത നിയമന നിരോധനമെന്ന് പ്രതിപക്ഷം

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി; അപ്രഖ്യാപിത നിയമന നിരോധനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകള്‍ നീട്ടാനാകില്ല. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായിട്ടില്ല. നിയമനം പരമാവധി പി.എസ്.സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി പരീക്ഷയും അഭിമുഖവും കോവിഡ് വ്യാപനം കുറഞ്ഞാല്‍ നടത്തും. റാങ്ക് പട്ടികകള്‍ നീട്ടാനുള്ള സാഹചര്യം ഇപ്പോഴില്ല. പ്രതിപക്ഷം പി.എസ്.സിയുടെ യശസ്സ് ഇടിച്ചു താഴ്ത്തുകയാണ്. റാങ്ക് പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന വാദം ശരിയല്ല. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ പി.എസ്.സി അപ്പീല്‍ നല്‍കിയതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.

പി.എസ്.സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. കരുവന്നൂര്‍ ബങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. അസാധാരണ സാഹചര്യം വന്നാല്‍ റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം വരെ നീട്ടാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

റാങ്ക് പട്ടിക അട്ടിമറിച്ചും കോപ്പിയടിച്ചും ആള്‍മാറാട്ടം നടത്തിയും പി.എസ്.സിയെ അപമാനിച്ചത് പ്രതിപക്ഷമല്ല. ബന്ധുക്കളെ കുത്തിനിറച്ചതും തങ്ങളല്ല. പ്രളയം തുടങ്ങി കോവിഡ് വരെ 493 ലിസ്റ്റുകള്‍ നീട്ടിയിട്ടും പ്രയോജനം കിട്ടിയില്ല. ചട്ടപ്രകാരം തന്നെയാണ് റാങ്ക് ലിസ്റ്റ് നീട്ടാന്‍ ആവശ്യപ്പെടുന്നത്. അപ്രഖ്യാപിത നിയമന നിരോധനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരം ചെയ്തവര്‍ക്ക് നല്‍കിയ എന്തെങ്കിലും ഉറപ്പ് നടപ്പാക്കിയോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. എന്നാല്‍ സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.