ചരിത്ര മുഹൂര്‍ത്തം: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍

ചരിത്ര മുഹൂര്‍ത്തം: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍  വനിതാ ഹോക്കി ടീം സെമി ഫൈനലില്‍

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. പുരുഷ ടീമിന് പിറകെയാണ് വനിതകളും ഒളിമ്പിക്‌സിന്റെ സെമി പ്രവേശനം. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

രണ്ടാം ക്വാര്‍ട്ടറില്‍ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ സമര്‍ഥമായി വലയിലെത്തിക്കുകയായിരുന്നു മികച്ച ഡ്രാഗ് ഫ്‌ളിക്കറായ ഗുര്‍ജിത്ത്. ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകള്‍ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.

ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.