ഉത്തര അമ്മയായി; രമാദേവി മുത്തശ്ശിയായി ... 'പഞ്ചരത്‌ന'ത്തില്‍ ആഹ്ലാദം തിരതല്ലി

ഉത്തര അമ്മയായി; രമാദേവി മുത്തശ്ശിയായി ... 'പഞ്ചരത്‌ന'ത്തില്‍ ആഹ്ലാദം തിരതല്ലി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവിലെ 'പഞ്ചരത്നം' എന്ന ഭവനം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഒരമ്മയുടെ വയറ്റില്‍ അഞ്ച് കണ്‍മണികള്‍ ഒന്നിച്ചു പിറന്നത് കാല്‍ നൂറ്റാണ്ട് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. നാല് പെണ്‍കുഞ്ഞുങ്ങളും ഒരാണ്‍കുട്ടിയും. പിന്നീട് അവര്‍ അറിവിന്റെ അക്ഷര മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോള്‍ കേരളം വീണ്ടും ആഘോഷിച്ചു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗുരുവായൂരില്‍ വച്ച് അഞ്ചുപേരില്‍ മൂന്ന് പേരുടേയും വിവാഹം കഴിഞ്ഞതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ 'പഞ്ചരത്ന'ത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത. അഞ്ച് കണ്‍മണികളിലെ മൂന്നാമത്തെയാള്‍ ഉത്തര കഴിഞ്ഞ ദിവസം അമ്മയായി. ധാര്‍മ്മിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

മക്കളുടെ ഒമ്പതാം വയസില്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനു ശേഷം പേസ്മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്കു തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോള്‍ മുത്തശ്ശിയായതിന്റെ സന്തോഷത്തിലാണിപ്പോള്‍ രമാദേവി.

1995 നവംബര്‍ 18 നാണ് പ്രേം കുമാറിനും രമാദേവിക്കും അഞ്ച് കണ്‍മണികള്‍ ജനിക്കുന്നത്. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെ പേരുകളുമിട്ടു. വളരെ കഷ്ടപ്പാട് സഹിച്ചാണ് അവര്‍ മക്കളെ വളര്‍ത്തിയത്. കുട്ടികള്‍ പറക്ക മുറ്റുന്നതിന് മുന്നേയുള്ള പ്രേം കുമാറിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളര്‍ത്തി. അതുകൊണ്ടും അവസാനിച്ചില്ല. വിധിയുടെ ക്രൂരത അവരെ പിന്നെയും പരീക്ഷിച്ചു. രമാദേവി ഹൃദ്രോഗി ആയി മാറി. പേസ് മേക്കറുടെ സഹായത്തോടെയാണ് രമാദേവി ഇപ്പോള്‍ ജീവിക്കുന്നത്.

സഹകരണ ബാങ്കിലെ ഒരു ചെറിയ ജോലി ചെയ്താണ് രമാദേവി അഞ്ച് മക്കളേയും വളര്‍ത്തി ഈ നിലയില്‍ എത്തിച്ചത്. മക്കളെ പഠിപ്പിച്ച് വിദേശത്ത് ജോലി ചെയ്യാന്‍ പ്രാപ്തരാക്കി. അവരെ വിവാഹം കഴിപ്പിച്ചു കൊടുത്തു. ഇന്നിപ്പോള്‍ രമാദേവി ഒരു മുത്തശ്ശിയായ സന്തോഷത്തിലാണ്. പഞ്ചരത്‌നങ്ങള്‍ക്കിടയിലേക്ക് അതിഥിയായെത്തിയ ആദ്യത്തെ കണ്‍മണിയെ വളരെ സന്തോഷത്തോടെയാണ് കുടുംബം വരവേറ്റത്.

കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.ബി മഹേഷ് കുമാര്‍ ആണ് ഉത്തരയുടെ ഭര്‍ത്താവ്. ഉത്തര ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടന്ന പ്രസവത്തില്‍ ഉത്തര ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.