കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബില്‍ നിന്നു തന്നെയെന്ന നിഗമനവുമായി യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബില്‍ നിന്നു തന്നെയെന്ന നിഗമനവുമായി യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപികരിച്ച അന്വേഷണ സമിതി.

യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാന്‍ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ കൊറോണ വൈറസുകളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ ചൈന മറച്ചുവെക്കുകയായിരുന്നുവെന്നും അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കൊറോണ വൈറസ് വുഹാനില്‍ നിന്നാണ് ചോര്‍ന്നതെന്ന വാദത്തെ ചൈന വീണ്ടും നിഷേധിച്ചു. 2019-ല്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. എന്നാല്‍ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ് എന്നത് വിദഗ്ധര്‍ക്കിടയില്‍ തെളിയിപ്പെടാത്ത ഒരു സിദ്ധാന്തമാണെന്നാണ് ചൈനയുടെ വാദം.

കോവിഡ് വൈറസ് ചോര്‍ന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കോവിഡ് പടര്‍ന്നതാവാം. അല്ലെങ്കില്‍ ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് മനപ്പൂര്‍വ്വമല്ലാതെ പടര്‍ന്നതാവാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 സെപ്തംബര്‍ 12-ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് മനുഷ്യ നിര്‍മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് ഏപ്രിലില്‍ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്. കോവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വേഗത്തില്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരുന്നു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

നിലവില്‍ രഹസ്വാന്വേഷണ ഏജന്‍സികള്‍ വ്യക്തമായ ഒരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ആവാം കൊറോണ വൈറസ് ചോര്‍ന്നത് എന്ന് ചില വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.