ന്യുഡല്‍ഹി: മോക്ക് പാര്‍ലമെന്റ് നടത്തി പെഗാസസ് വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം ആലോചിക്കാന്‍ ഇന്ന് പ്രതിപക്ഷ യോഗം ചേരും. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ തുടര്‍ച്ചയായ പത്താം ദിനവും പാര്‍ലമെന്റ് തടസപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും കടുത്ത പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്. പതിനാല് പാര്‍ട്ടികള്‍ സംയുക്തമായി മുദ്രാവാക്യം മുഴക്കിയിരുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ചയും റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു. കോവിഡ് സാഹചര്യം ആദ്യം ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെയാണ് പുറത്ത് മോക്ക് പാര്‍ലമെന്റ് നടത്തി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിലപാടില്‍ ഉറച്ച് നിന്ന കേന്ദ്രത്തിന് എന്‍ഡിഎക്കുള്ളില്‍ ഭിന്നസ്വരം ഉയര്‍ന്നത് തിരിച്ചടിയായിട്ടുണ്ട്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരും ബിജെപിയും മുഖം തിരിക്കുമ്പോള്‍ ഭിന്നനിലപാടുമായി എന്‍ഡിഎ ഘടകക്ഷിയായ ജെഡിയു ആണ് രംഗത്ത് വന്നത്. പെഗാസസ് ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പെഗാസസ് വിഷയത്തില്‍ ഇതാദ്യമായാണ് ഒരു എന്‍ഡിഎ ഘടകകക്ഷി അന്വേഷണം ആവശ്യപ്പെടുന്നത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച് കൊണ്ട് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് നിതീഷിന്റെ ആവശ്യം വലിയ ആയുധമാകുമെന്നുറപ്പ്. പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും ഇതേവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.