തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്

തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്നു കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നാഗപട്ടണം സ്വദേശി കലെയ്‌സെല്‍വന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ തലയ്ക്കു പരിക്കേറ്റു.

നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28-ന് പുറപ്പെട്ട ബോട്ടില്‍ പത്തു പേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിക്കു സമീപം കൊടിയകരായ് തീരത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. സ്പീഡ് ബോട്ടിലെത്തിയ ലങ്കന്‍ നാവികസേനയുടെ ഉദ്യോഗസ്ഥര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

മേഖലയിലുള്ള ഒട്ടേറെ ബോട്ടുകള്‍ക്കു നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തു. ആദ്യം അവര്‍ ബോട്ടുകള്‍ക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നു. ബുള്ളറ്റുകളിലൊരെണ്ണം ബോട്ടില്‍ തുളച്ചുകയറുകയും കലെയ്‌സെല്‍വന്റെ തലയില്‍ തറയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ അബോധാവസ്ഥയിലായതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 1.15ന് ശ്രീലങ്കന്‍ നാവികസേന തങ്ങളുടെ ബോട്ടു വളഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍ അവിടെ നിന്നു തിരിച്ചുപോകാന്‍ പറഞ്ഞതായും മത്സ്യത്തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സയില്‍ കഴിയുന്ന കലെയ്‌സെല്‍വനെ നാഗപട്ടണം ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തംബുരാജ് സന്ദര്‍ശിച്ചു. സംഭവത്തില്‍ തീര രക്ഷാ ഗ്രൂപ്പ് പൊലീസ്, ക്യു ബ്രാഞ്ച്, മത്സ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.