ഒന്‍പത് വയസുകാരിയുടെ കൊലപാതകം: ബഹളം; രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു

ഒന്‍പത് വയസുകാരിയുടെ കൊലപാതകം: ബഹളം; രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു

ന്യുഡല്‍ഹി: ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിനോയ് വിശ്വം രാജ്യസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധം. നടുത്തളത്തിലിറങ്ങുന്നവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അറിയിച്ച രാജ്യസഭാ ചെയര്‍മാന്‍ രണ്ട് മണി വരെ സഭ നിര്‍ത്തി വച്ചു.

ഡല്‍ഹി നങ്കലില്‍ ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാര്‍ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുടംബത്തെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുല്‍ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും സംഭവത്തില്‍ പ്രതികരണം അറിയിച്ചു.

അതേസമയം ആറ് തൃണമൂല്‍ എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നടപടി. ഡോള സെന്‍, നദീമുള്‍ ഹക്ക്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത ഘോഷ്, മൗസം നൂര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.

പെഗാസസ് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച എംപിമാരോട് അവരുടെ സീറ്റുകളിലേക്ക് മടങ്ങാന്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്കെതിരേ റൂള്‍ 255 പ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അംഗങ്ങളെ സസ്പെന്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ എം പി ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. മോഡി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവന്‍ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാന്‍ ഇന്ന് രണ്ട് മണിക്ക് രാജ്യസഭയിലേക്ക് വരൂ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.