സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കോവിഡ് മരണക്കണക്കുകളില്‍ കൃത്യത തേടി കേന്ദ്രം പ്രത്യേക പരിശോധനയ്ക്ക് ഒരുങ്ങുന്നു

സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കോവിഡ് മരണക്കണക്കുകളില്‍ കൃത്യത തേടി  കേന്ദ്രം പ്രത്യേക പരിശോധനയ്ക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണ സംഖ്യയില്‍ കേന്ദ്രീകൃത പരിശോധന നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് മരണക്കണക്കുകള്‍ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍ പുറത്തു വിടുന്ന മരണസംഖ്യ ശരിയാണോയെന്ന് ഉറപ്പു വരുത്താന്‍ കേന്ദ്രം ശ്രമം നടത്തുന്നത്. ചില മേഖലകള്‍ തിരിച്ചാകും ഇതു സംബന്ധിച്ച ആദ്യ പരിശോധന.

കൊവിഡ് ഒന്ന്, രണ്ട് തരംഗങ്ങളിലായി ഇതുവരെ 4,25,757 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടാം തരംഗത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം 1.69 ലക്ഷം മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതിനപ്പുറം മരണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായോ എന്ന് കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കണക്കില്‍ പെടാത്ത മരണം കണ്ടെത്തുക എന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഇതിനായി കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രണോബ് സെന്‍ പറഞ്ഞു.

കോവിഡ് കാലത്ത് നടന്ന മരണങ്ങളില്‍ എത്രയെണ്ണം കോവിഡ് മൂലമുണ്ടായെന്ന് കണ്ടെത്താന്‍ പ്രത്യേക സര്‍വേയാണ് നടത്തുന്നത്. മരണസമയത്ത് രോഗിക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങളെക്കുറിച്ച് ബന്ധുക്കളോട് സംസാരിച്ച് കോവിഡ് മരണമാണോ എന്ന് ഉറപ്പ് വരുത്തേണ്ടി വരും. എന്നാല്‍ വീടുകള്‍ കയറി ഇങ്ങനെ സര്‍വേ നടത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കൂടുതല്‍ മരണം നടന്ന മേഖലകളില്‍ മാത്രം ഇത്തരം പരിശോധന ആദ്യം നടത്തുകയാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ മരണസംഖ്യ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ പത്തിരട്ടിയാണ് യഥാര്‍ത്ഥ കണക്കുകളെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന തുടങ്ങി ആരോപണം നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.