പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും പട്ടികയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും പട്ടികയില്‍

ന്യൂഡല്‍ഹി: പെഗസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. സുപ്രീം കോടതി ജസ്റ്റീസായിരുന്ന അരുണ്‍ മിശ്രയുടെ ഫോണും ചോര്‍ത്തിയതായി സംശയം. ജഡ്ജിക്ക് പുറമെ സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദി വയര്‍ അടക്കമുള്ള മാധ്യമക്കൂട്ടായ്മയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

2010 സെപ്റ്റംബര്‍ 18 മുതല്‍ 2018 സെപ്റ്റംബര്‍ വരെ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ചോര്‍ത്തപ്പെട്ടതായി ദ വയര്‍ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളില്‍ അരുണ്‍ മിശ്ര വിചാരണ നടത്തിയിട്ടുണ്ട്.

2020 സെപ്തംബറില്‍ അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചു. ഇതിനു മുന്‍പുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോര്‍ത്തപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. പട്ടികയില്‍ സുപ്രീം കോടതിയിലെ ഏറ്റവും തന്ത്ര പ്രധാനമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകള്‍ ഇപ്പോള്‍ പുറത്തു വന്ന പട്ടികയിലുണ്ട്. റിപ്പോര്‍ട്ട് പ്രകാരം എന്‍ കെ ഗാന്ധി, ടി ഐ രാജ്പുത് എന്നിവരുടെ നമ്പറുകളാണുള്ളത്. ഇവരില്‍ എന്‍ കെ ഗാന്ധി സര്‍വീസില്‍ നിന്നും വിരമിച്ചു. അതേസമയം, രാജ്പുത് ഇപ്പോഴും ജോലിയിലുണ്ട്. ഇവരുടെ ഫോണുകള്‍ പരിശോധിച്ചു വരികയാണ്. അതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളു.

സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസില്‍ കിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകന്‍ ആയ ആള്‍ജോ ജോസഫിന്റെ ഫോണും പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ട്. മലയാളി അഭിഭാഷകനാണ് ആള്‍ജോ. മുന്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഖിയുടെ ജൂനിയര്‍ അഭിഭാഷകന്‍ തങ്കദുരെയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.