തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കോണ്‍സല്‍ ജനറല്‍ വിദേശ വനിതകളെ ഉപയോഗിച്ചെന്നു കേസിലെ പ്രതി സ്വപ്‌ന. വിദേശ വനിതകളെ ഉപയോഗിച്ച് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി കേരളത്തിലേക്കു സ്വര്‍ണക്കടത്തു നടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. അല്‍സാബി മൂന്ന് തവണ സ്വര്‍ണം കടത്തിയതായി അറിയാമെന്നും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. കേസിലെ കൂട്ടുപ്രതിയായ പി.എസ് സരിത്തിന്റെ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ടെന്ന് ഡോളര്‍ കടത്തു കേസിലെ പ്രതികള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു.
മൊറോക്കോ, ഈജിപ്ത്, യുഎഇ സ്വദേശികളായ മൂന്ന് വനിതകള്‍ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണു സ്വര്‍ണം കടത്തിയത്. യാസ്മിന്‍ അലി ബക്രി എന്നാണ് ഈജിപ്ത് സ്വദേശിനിയുടെ പേര്. ഇവര്‍ ഒരു തവണ കൂടി സ്വര്‍ണവുമായി എത്തിയിട്ടുണ്ട്. ഇതിലൊരാള്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ വൈകിയപ്പോള്‍, ജമാല്‍ ഹുസൈന്‍ അല്‍സാബി വല്ലാതെ ക്ഷോഭിച്ചതായും മൊഴിയില്‍ പറയുന്നു. എത്രയും പെട്ടെന്ന് അവരെ പുറത്തെത്തിക്കണമെന്നും ബാഗേജുകള്‍ പെട്ടെന്നു ക്ലിയര്‍ ചെയ്യണമെന്നും ജമാല്‍ ഹുസൈന്‍ അല്‍സാബി നിര്‍ദേശിക്കുകയായിരുന്നു.
കോണ്‍സുലേറ്റിലേക്കുള്ളവര്‍ക്കു തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രത്യേക പരിഗണന ലഭിക്കാനും പെട്ടെന്നു പുറത്തിറങ്ങാനും എന്താണു ചെയ്യേണ്ടതെന്ന് എം ശിവശങ്കറിനോടു ചോദിക്കാന്‍ കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചു. കോണ്‍സല്‍ ജനറലിന്റെ കത്ത് മുഖ്യമന്ത്രിക്കു നല്‍കാനായിരുന്നു ശിവശങ്കറിന്റെ നിര്‍ദേശം. കത്തു നല്‍കിയതിനു ശേഷമാണു കോണ്‍സല്‍ ജനറലിന് 'എക്‌സ്' കാറ്റഗറി സുരക്ഷ നല്‍കിയതും സുരക്ഷാഭടന്മാരെ ഏര്‍പ്പാടാക്കിയതെന്നും സ്വപ്ന മൊഴിയില്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുമ്പോള്‍, കോണ്‍സല്‍ ജനറല്‍ കുറച്ചധികം മുന്‍കരുതലെടുക്കാറുണ്ട്. എന്നെയും സരിത്തിനെയും അടിക്കടി വിളിക്കുകയും വിമാനത്താവളത്തില്‍ നിന്നു പെട്ടെന്നു പുറത്തിറങ്ങാനുള്ള സൗകര്യം ചെയ്‌തോയെന്നു തിരക്കുകയും ചെയ്യും. ജമാല്‍ ഹുസൈന്‍ അല്‍സാബിയും ഖാലിദ് അലി ഷൗക്രിയും ഇന്ത്യയിലേക്കു സ്വര്‍ണക്കടത്തു നടത്തിയെന്നു സരിത്തിന്റെ മൊഴിയിലുമുണ്ട്.
'സ്വര്‍ണക്കടത്തിനുപയോഗിച്ച വിദേശവനിതകളുടെ വിശദാംശങ്ങളോ പാസ്‌പോര്‍ട്ട് കോപ്പിയോ ജമാല്‍ ഹുസൈന്‍ അല്‍സാബി നല്‍കാറില്ല. ഒരു തവണ, ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ നിര്‍ദേശപ്രകാരം വിദേശ വനിതയില്‍ നിന്ന് ഏറ്റുവാങ്ങിയ ബാഗേജിനു പതിവിലധികം ഭാരമുണ്ടായിരുന്നു. ബാഗേജില്‍ ഭക്ഷണ സാധനങ്ങളാണെന്നും ഫ്രീസറില്‍ സൂക്ഷിക്കണമെന്നുമായിരുന്നു നിര്‍ദേശം. ഭക്ഷണ സാധനമായിരുന്നുവെങ്കില്‍, പതിവു പോലെ തെര്‍മോകോള്‍ ബോക്‌സിലാണ് അയക്കേണ്ടിയിരുന്നത്. മറ്റൊരു തവണ, ഒരു വിദേശ വനിത ബാഗുമായി എനിക്കൊപ്പം കോണ്‍സല്‍ ജനറലിന്റെ വസതിയിലേക്കു വന്നിരുന്നു. ഇതില്‍, സ്വര്‍ണമാണെന്നാണു സംശയിക്കുന്നത്.' സരിത്തിന്റെ മൊഴിയില്‍ പറയുന്നു.
ഒരു തവണ ഖാലിദ് അലി ഷൗക്രി കൊണ്ടുവന്ന, ബില്യാഡ്‌സ് 'ക്യൂ'വിന്റെ പിടി ഭാഗത്തു സംശയം തോന്നി വീണ്ടും പരിശോധിക്കണമെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് കാര്‍ഗോ ആണെന്നു പറഞ്ഞതിനെ തുടര്‍ന്നു പരിശോധന ഒഴിവാക്കുകയായിരുന്നു. പിന്നീടൊരിക്കല്‍, ബില്യാഡ്‌സ് 'ക്യൂ' വാങ്ങാനായി സ്വപ്ന ഡല്‍ഹിയില്‍ പോയിരുന്നു. ക്യൂവിന്റെ പിടിക്കകത്തു സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണു സംശമെന്നും സ്വപ്‌ന വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.