തിരുവനന്തപുരം: നാല് വെള്ളിക്കാശിന് വേണ്ടി മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി ജലീല്‍. തങ്ങളെ ഇ.ഡി ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നും നിയമ സഭയുടെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജലീല്‍ രോപിച്ചു.
കോടികള്‍ വെട്ടിച്ച കുഞ്ഞാലിക്കുട്ടി കേരളത്തില്‍ നിയമസഭയില്‍ വന്നു പോയി സുഖമായി ജീവിക്കുന്നു. തങ്ങള്‍ കുടുംബത്തെയും മുസ്ലീം ലീഗിനേയും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ക്ക് ഇതില്‍ വേദനയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹം ഫറഞ്ഞു.
തങ്ങള്‍ക്കെതിരായ നോട്ടീസ് പിന്‍വലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കുകയാണ് ഇ.ഡി ചെയ്യേണ്ടത്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴിയുള്ള ഇടപാടുകളെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എന്തു കൊണ്ടാണ് ഹൈദരാലി തങ്ങള്‍ക്കെതിരെയുള്ള ഇ.ഡി നോട്ടീസ് പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടാത്തതെന്നും ജലീല്‍ ചോദിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ ഈ വര്‍ഷം ജനുവരിയില്‍ നിര്‍ത്തലാക്കിയ യു.എ.ഇ എഡിഷന്റെ പ്രിന്റിങ് ചാര്‍ജ് ഇനത്തില്‍ സ്വദേശി കമ്പനിക്ക് നല്‍കാനുള്ള ആറ് കോടിയോളം രൂപയുടെ കുടിശ്ശിക നല്‍കാനെന്ന പേരില്‍ 4.5 കോടി യുഎ.ഇ. ദിര്‍ഹം പിരിച്ചെടുത്തു. എന്നാല്‍, ഇതില്‍ ഒരു രൂപ പോലും പത്രം അച്ചടിച്ച കമ്പനിക്ക് നല്‍കാതെ കേരളത്തിലുള്ളവര്‍ പോക്കറ്റിലാക്കുകയാണ് ചെയ്തതെന്നും ജലീല്‍ ആരോപിച്ചു.
കെ.എം.സി.സികളുടെ തലപ്പത്ത് തന്റെ സില്‍ബന്ധികളെ കുഞ്ഞാലിക്കുട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത് കെ.എം.സി.സിയെയും മുസ്ലീം ലീഗിനേയും വളര്‍ത്താനല്ലെന്നും കോടികള്‍ പിരിച്ച് പോക്കറ്റിലാക്കാന്‍ മാത്രമാണെന്നും ജലീല്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.