ചണ്ഡീഗഡ്: ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. ജര്‍മ്മനിയെ 5-4ന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്.
ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്, ശംഷേര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ദ് സിങ്, മന്ദീപ് സിങ് എന്നിവരാണ് പഞ്ചാബില്‍ നിന്നുള്ള മറ്റ് താരങ്ങള്‍. സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മലയാളി താരം ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് ശ്രീജേഷ്.
കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുന്നത്. ഈ വിജയത്തോടെ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.