പാഠപുസ്തകങ്ങളിലെ പ്രമുഖരുടെ ജാതിപ്പേര് വെട്ടും; വിപ്ലവകരമായ തീരുമാനവുമായി എം.കെ സ്റ്റാലിന്‍

പാഠപുസ്തകങ്ങളിലെ പ്രമുഖരുടെ ജാതിപ്പേര് വെട്ടും; വിപ്ലവകരമായ തീരുമാനവുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: പാഠപുസ്തകങ്ങളിലെ പ്രമുഖരുടെ ജാതിപ്പേര് നീക്കം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജാതിയുടെ പേരില്‍ ദുരഭിമാന കൊലപാതകങ്ങളുടെ നിരവധി വാര്‍ത്തകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ഇതുവഴി സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രമെ ഉണ്ടാകൂ.

ചെറുപ്പം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പ്രസിദ്ധീകരണ വകുപ്പിന് ഇത് നടപ്പിലാക്കാനുള്ള നിര്‍ദേശം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിക്കഴിഞ്ഞു. കുട്ടികള്‍ക്ക് മാതൃകയെന്ന നിലയില്‍ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കും എന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.

തമിഴ്‌നാട്ടില്‍ മുന്‍പ് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ തെരുവുകള്‍ക്ക് പോലും പ്രമുഖ വ്യക്തികളുടെ പേര് നല്‍കുന്ന പതിവുണ്ടായിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ സമാനമായ രീതി സ്വീകരിക്കണമെന്ന് 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു. അതേ വഴിയില്‍ സഞ്ചരിച്ചാണ് സ്റ്റാലിനും സമാനമായ ഒരു തീരുമാനമെടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ പ്രബലമായ രണ്ട് കക്ഷികളും ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും സമത്വത്തിനായി വാദിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ഇതുവരെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുകളുണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.