രാജ്യത്ത് പ്രളയങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയെന്ന് പാര്‍ലമെന്ററി സമിതിയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര ജലശക്തി മന്ത്രാലയം മധ്യസ്ഥത വഹിക്കണം. ഇതിന് സത്യസന്ധതയുള്ള ഇടനിലക്കാരനുണ്ടാകണം. അട്ടപ്പാടി ജലസേചന പദ്ധതി വൈകാതെ നടപ്പാക്കണമെന്നും നിര്‍ദേശം.
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയവും തുടര്‍ന്നുള്ള പ്രളയ ഭീഷണിയും അതിജീവിക്കാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡോ. സഞ്ജയ് ജെയ്സ്വാള്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.
കേരളത്തില്‍ 2018-ലുണ്ടായ പ്രളയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങള്‍ തേടിയുമാണ് സമിതിയുടെ റിപ്പോര്‍ട്ട്. അട്ടപ്പാടി ജലസേചന പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉടന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ജലശക്തി മന്ത്രാലയം ഇടപെടണമെന്നും സമിതി നിര്‍ദേശിച്ചു.
കേരളത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ഉയര്‍ന്ന അളവിലുള്ള മഴയുമാണ് പ്രളയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. വന്‍തോതിലുള്ള നഗരവത്കരണവും ഉയര്‍ന്ന ജനസാന്ദ്രതയും ഭൂവിനിയോഗ ഘടനയില്‍ മാറ്റം വരുത്തി. അതാകട്ടെ, വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള സ്ഥിതി വഷളാക്കുകയും ചെയ്തു. 1960 മുതല്‍ 1980 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ളതാണ് കേരളത്തിലെ മിക്ക അണക്കെട്ടുകളും. ജലസേചനം, വ്യവസായം, വൈദ്യുതോത്പാദനം, കുടിവെള്ളം എന്നീ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയായിരുന്നു അവയെല്ലാം.
ലഭിക്കുന്ന വെള്ളത്തിന്റെ ഏഴുശതമാനം സംഭരിക്കാനുള്ള ശേഷി മാത്രമേ സംസ്ഥാനത്തെ ജല സംഭരണികള്‍ക്കുള്ളൂ. കര്‍ശനമായ പരിസ്ഥിതി-വനനിയമ വ്യവസ്ഥകളും പരിസ്ഥിതി സംഘങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുമുള്ളതിനാല്‍ 1980-നുശേഷം പുതിയ അണക്കെട്ടോ ജലസംഭരണിയോ സജ്ജമാക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ലെന്നും പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
2018 ല്‍ പ്രളയമുണ്ടാവുമ്പോള്‍ കേന്ദ്ര ജല കമ്മിഷന്റെ വെള്ളപ്പൊക്ക പ്രവചന കേന്ദ്രം കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയും നല്‍കിയിരുന്നില്ല. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലേ വെള്ളപ്പൊക്ക പ്രവചന കേന്ദ്രങ്ങള്‍ സ്ഥാപിക്കൂവെന്ന നയം ജല കമ്മിഷന്‍ പുനഃപരിശോധിക്കണം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്ത് കൂടുതല്‍ പ്രളയങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പുനല്‍കി.
മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര ജലശക്തി മന്ത്രാലയം മധ്യസ്ഥത വഹിക്കണമെന്നും പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. കേരളത്തിനും തമിഴ്നാടിനും ഇടയില്‍ സത്യസന്ധതയുള്ള ഇടനിലക്കാരനുണ്ടാകണമെന്നും വ്യക്തമാക്കി. പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ തടസം നില്‍ക്കുന്നത് ശക്തമായ പരിസ്ഥിതി ലോബിയാണെന്ന് പാര്‍ലമെന്ററി സമിതിക്കുമുമ്പാകെ കേരള അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.