അസം-മേഘാലയ തര്‍ക്കത്തിന് പരിഹാരം; സംയുക്ത കമ്മിറ്റി രൂപീകരിക്കും

അസം-മേഘാലയ തര്‍ക്കത്തിന് പരിഹാരം; സംയുക്ത കമ്മിറ്റി രൂപീകരിക്കും

ഗുവാഹത്തി: അസം-മേഘാലയ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമാകുന്നു. ഇതിനായി ക്യാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികള്‍ രൂപീകരിക്കും. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഗുവാഹത്തിയില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനം.

12 തര്‍ക്ക സ്ഥലങ്ങളില്‍ ആറിടത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കാന്‍ ഈ സമിതികള്‍ ഫലപ്രദമായി ഇടപെടുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അറിയിച്ചു. മൂന്ന് കമ്മിറ്റികള്‍ വീതം രണ്ട് സംസ്ഥാനങ്ങളിലും രൂപീകരിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

താരാബാരി, ഗിജാങ്, ഫാലിയ, ബാക്ലാപ്പാറ, പീലിംഗ് കട്ട, ഖാനപ്പാറ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രശ്ന പരിഹാരത്തിനായി തിരഞ്ഞെടുത്ത ആറ് തര്‍ക്ക സ്ഥലങ്ങള്‍. അസമിലെ കച്ചാര്‍, കാംരൂപ് മെട്രോ, കാംരൂപ് റൂറല്‍ ജില്ലകളിലും, മേഘാലയയിലെ പടിഞ്ഞാറന്‍ ഖാസി ഹില്‍സ്, റി ഭോയ്, ഈസ്റ്റ് ജയന്തിയ ഹില്‍സ് എന്നിവിടങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ തര്‍ക്ക പ്രദേശങ്ങള്‍. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.