തിരുസഭയുടെ ഇരുപത്തിമൂന്നാമത്തെ മാര്‍പ്പാപ്പയും തലവനുമായി തിരഞ്ഞെടുക്കപ്പെട്ട വി. സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 254 മുതല്‍ 257 വരെ സഭയെ നയിച്ചു. ഗ്രീക്ക് വംശജരായ മാതാപിതാക്കളുടെ മകനായി അദ്ദേഹം റോമില്‍ ജനിക്കുകയും സ്റ്റേഫാനോസ് എന്ന നാമം അദ്ദേഹത്തിന് നല്‍കപ്പെടുകയും ചെയ്തു. യുവാവ് ആയിരിക്കെ തന്നെ അദ്ദേഹം തിരുസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊള്ളുകയും വിത്യസ്ത തസ്തികളില്‍ സഭാനേതൃത്വത്തിന് സേവനം ചെയ്യുകയും ചെയ്തു. നിസ്തുലമായി സേവനം ചെയ്യുന്ന സ്റ്റേഫാനോസ് ലൂസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ശ്രദ്ധയ്ക്ക് കേന്ദ്രമാവുകയും അദ്ദേഹം സ്റ്റേഫാനോസിനെ മെത്രാനായി അഭിഷേകം ചെയ്യുകയും ചെയ്തു.
ഏ.ഡി. 254 മാര്‍ച്ച് 5-ാം തീയതി ലൂസിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തയുടനെ സഭാനേതൃത്വം സ്റ്റേഫാനോസിനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തു. അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ അദ്ദേഹം സ്റ്റീഫന്‍ എന്ന നാമം സ്വീകരിച്ചു. തന്റെ മുന്‍ഗാമികളെപ്പോലെ തന്നെ സ്റ്റീഫന്‍ മാര്‍പ്പാപ്പയും തിരുസഭയെ അലട്ടികൊണ്ടിരുന്ന പാഷണ്ഡതയായ നോവേഷ്യനിസത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.
എന്നാല്‍ പാഷണ്ഡികളില്‍ നിന്നും സഭയുമായി വിഘടിച്ചുനില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നും മാമ്മോദീസ സ്വീകരിച്ചവരെ തിരുസഭയിലേക്ക് സ്വീകരിക്കന്നതുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയും കാര്‍ത്തേജിലെ വി. സിപ്രിയനും തമ്മില്‍ തീവ്രമായ എതിര്‍പ്പ് ഉടലെടുത്തു. തിരുസഭയില്‍ മാമ്മോദീസ സ്വീകരിക്കുകയും എന്നാല്‍ മതപീഡനം മൂലം വിശ്വാസം ഉപേഷിച്ചവര്‍ തിരുസഭയിലേക്ക് അനുതപിച്ച് തിരികെ വരുന്നതിന് മാമ്മോദീസ സ്വീകരിക്കേണ്ട ആവശ്യകതയില്ലയെന്ന സഭാപഠനത്തോട് വി. സിപ്രിയന്‍ യോജിച്ചിരുന്നുവെങ്കിലും പാഷണ്ഡികളില്‍ നിന്നും സഭയുമായി വിഘടിച്ചുനില്‍ക്കുന്ന വിഭാഗങ്ങളില്‍നിന്നും മാമ്മോദീസ സ്വീകരിച്ചവരുടെ മാമ്മോദീസ അസാധുവാണ് എന്ന് സിപ്രിയന്‍ പഠിപ്പിച്ചു. അതിനാല്‍ തന്നെ അത്തരത്തില്‍ മാമ്മോദീസ സ്വീകരിച്ചവര്‍ തിരുസഭയിലെ അംഗങ്ങളായി കടന്നുവരുന്നതിന് വീണ്ടും മാമ്മോദീസ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ പാഷണ്ഡികളില്‍നിന്നും വിഘടിച്ചുനില്‍ക്കുന്നവരില്‍ നിന്നും മാമ്മോദീസ സ്വീകരിച്ചവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച് തിരുസഭയില്‍ അംഗമാകുന്നതിന് വീണ്ടും മാമ്മോദീസ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഊന്നിപറഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്റെ നിലപാട് തന്നെ സഭാനേതൃത്വം സ്വീകരിച്ചു.
മറ്റു പലകാര്യങ്ങിലും സ്റ്റീഫന്‍ മാര്‍പ്പാപ്പയും വി. സിപ്രിയനും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും പാഷണ്ഡികളില്‍ നിന്നും വിഘടിച്ചുനില്‍ക്കുന്നുവരിലും നിന്ന് മാമ്മോദീസ സ്വീകരിച്ചവരുടെ പുനഃമാമ്മോദീസയെകുറിച്ചുള്ള തര്‍ക്കമായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. സ്റ്റീഫന്‍ മാര്‍പ്പാപ്പയുടെ പുനഃമാമ്മോദീസയെക്കുറിച്ചുള്ള പഠനം പിന്നീട് സഭയുടെ ഔദ്യോഗിക പഠനത്തിനു ആധാരമായി ഭവിച്ചു. സ്ഥാഭ്രഷ്ടരാക്കപ്പെട്ട വൈദികരാല്‍ പരികര്‍മ്മം ചെയ്യപ്പെട്ട കൂദാശകള്‍പ്പോലും സാധുവാണ് എന്ന് സഭ ഔദ്യോഗികമായി പഠിപ്പിക്കുകയും പ്രത്യേകവും ഒഴിവാക്കപ്പെടാനാവത്തതുമായ സാഹചര്യങ്ങളില്‍ കുമ്പസാരം പോലുള്ള കൂദാശകള്‍ സ്ഥാഭ്രഷ്ടരാക്കപ്പെട്ട വൈദികര്‍ക്കും തങ്ങളുടെ വൈദിക പദവി ഉപേഷിച്ചവര്‍ക്കും നല്‍കാമെന്നും സഭ പഠിപ്പിക്കുന്നു.
എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ സഹായം ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ. അതിനാല്‍ തന്നെ അദ്ദേഹം സിറിയയിലും മറ്റു പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്കു സാമ്പത്തികമായ സഹായം ലഭ്യമാക്കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. പ്രസ്തുത സഹായങ്ങള്‍മൂലം വിശ്വാസികള്‍ ദേവാലയങ്ങള്‍ പുനഃരുദ്ധിരിക്കുകയും മറ്റു അനുകമ്പാര്‍ദ്രമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
സഭാപാരമ്പര്യം സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ വലേരിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഏ.ഡി. 257 ആഗസ്റ്റ് 2-ാം തീയതി രക്തസാക്ഷിത്വം വരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധകുര്‍ബാനയുടെ സമയത്ത് വിശ്വാസികളുമായി സംവദിക്കുന്നതിനിടയില്‍ വലേരിയന്‍ ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് ഭടന്മാര്‍ പ്രവേശിക്കുകയും സ്റ്റീഫന്‍ മാര്‍പ്പാപ്പയുടെ ശിരഛേദം നടത്തുകയും ചെയ്തു. സിപ്രിയന്‍ മാര്‍പ്പയുടെ ഓര്‍മ്മ തിരുസഭ ആഗസ്റ്റ് 2-ാം തീയതി അനുസ്മരിക്കുന്നു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26