പലതും പുറത്ത് വരും, കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടണ്ടിവരും: വെല്ലുവിളിച്ച് കെ ടി ജലീല്‍

പലതും പുറത്ത് വരും, കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടണ്ടിവരും: വെല്ലുവിളിച്ച് കെ ടി ജലീല്‍

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഇ.ഡി വിഷയത്തില്‍ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയുണ്ടെന്നും അത് പുറത്ത് വിടേണ്ടിവരുമെന്നും ജലീല്‍ പ്രതികരിച്ചു. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കനത്ത വില നല്‍കേണ്ടി വരും. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് കൊള്ളാം. പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണ്. 2006-ല്‍ സംഭവിച്ചതിനപ്പുറം കാര്യങ്ങള്‍ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.

മുഈന്‍ അലി തങ്ങള്‍ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. തങ്ങളെ പിന്തുണച്ച്, എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീല്‍ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോള്‍ ജലീല്‍ മുന്നോട്ട് വയ്ക്കുന്ന ഈ വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ പുറത്തേക്ക് പോകുന്നുവെന്നാണ് പരോക്ഷമായി ജലീല്‍ തന്നെ പറയുന്നത്. ഇത് ലീഗുകാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതാണ്. തന്റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകള്‍, നേതൃത്വത്തിനെതിരായ അപസ്വരങ്ങള്‍ ഇവയെല്ലാം പരമാവധി മൂര്‍ദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്റെ ലക്ഷ്യം.

ചന്ദ്രിക ദിനപത്രത്തിലൂടെ 10കോടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പാണക്കാട് കുടുംബത്തെ കുഞ്ഞാലിക്കുട്ടി ചതിച്ചെന്നാണ് ജലീലിന്റെ ആക്ഷേപം. പത്രത്തിന്റെ ചെയര്‍മാനും എംഡിയുമായ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് ഇഡി വീണ്ടും അയച്ച നോട്ടീസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ജലീല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.