കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും കോവിഡ് അണുനശീകരണത്തിന് ഉപയുക്തമായ അള്‍ട്രാവയലറ്റ് യന്ത്രം സ്വന്തമായി വികസിപ്പിച്ച് ബോംബ് സ്ക്വാഡ് അംഗം. യന്ത്രം നിർമ്മിച്ചത് ബോംബ് സ്ക്വാഡില്‍ അംഗമായ സിവില്‍ പോലീസ് ഓഫീസര്‍ എസ്. വിവേകാണ്.
പൊതുവിപണിയില്‍ അന്‍പതിനായിരം രൂപ മുതല്‍ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം പതിനായിരം രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ഈ യന്ത്രം വിവേക് എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിനു നൽകി. രാസ രീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികള്‍, ഓഫീസുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം.
പ്രവര്‍ത്തനം ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കു ശേഷം മാത്രമേ യന്ത്രം വികിരണങ്ങള്‍ പ്രസരിപ്പിക്കുകയുള്ളു. അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മനുഷ്യന് ഹാനികരമാണെന്നതിനാല്‍ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ തനിയേ പ്രവര്‍ത്തം നിര്‍ത്തുന്ന മോഷന്‍ സെന്‍സറുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.
വൈറസുകളുടെയും ബാക്ടീരിയകളുടെയും ആര്‍.എന്‍.എയും ഡി.എന്‍.എയും നിര്‍വീര്യമാക്കുവാനുള്ള യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജില്‍ പരീക്ഷിച്ചു വിജയിച്ചതാണ്. എരൂര്‍ ആസ്ഥാനമായ എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ബോംബ് സ്ക്വാഡില്‍ അംഗമാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ എസ്. വിവേക്.
അതേസമയം ഓട്ടോമാറ്റിക്ക് സാനിറ്റൈസർ യന്ത്രങ്ങള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലീസ് ഓഫീസുകളിലേക്ക് ഇദ്ദേഹം നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി രണ്ടാള്‍ ചേര്‍ന്ന് ബാറ്ററി ചുമക്കുന്ന രീതി മാറും. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്ഫോടന യന്ത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.