വിമാനത്തിലെ അതിക്രമം; യാത്രികന് സീറ്റില്‍ ബന്ധനസ്ഥനായി തുടര്‍ യാത്ര

വിമാനത്തിലെ അതിക്രമം; യാത്രികന് സീറ്റില്‍ ബന്ധനസ്ഥനായി തുടര്‍ യാത്ര

മിയാമി: ഫിലാഡല്‍ഫിയയില്‍ നിന്ന് മിയാമിയിലേക്കുള്ള ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ മദ്യ ലഹരി മൂത്ത് എയര്‍ഹോസ്റ്റസിനെ കയറിപ്പിടിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരെ മര്‍ദ്ദിച്ച യാത്രക്കാരന് സീറ്റില്‍ കെട്ടിയിട്ട നിലയില്‍ തുടര്‍ യാത്ര നടത്തേണ്ടിവന്നു. ഒഹായോയിലെ നോര്‍വാക്ക് സ്വദേശിയായ മാക്‌സ്വെല്‍ ബെറി (22) യെ മിയാമി വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ബെറിയുടെ അതിക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡുമാര്‍ ആക്രമിക്കപ്പെട്ടു. തന്റെ മാതാപിതാക്കള്‍ സമ്പന്നരാണെന്നും താന്‍ വെള്ളക്കാരനാണെന്നും ആക്രോശിച്ചാണ് ബെറി ജീവനക്കാരെ മര്‍ദ്ദിച്ചത്. ഒടുവില്‍ ജീവനക്കാര്‍ ആളെ കീഴ്‌പ്പെടുത്തിയശേഷം സീറ്റില്‍ കെട്ടിയിട്ടു.മറ്റ് യാത്രക്കാരെയും ജീവനക്കാരെയും നിരന്തരം ശപിച്ചുകൊണ്ടായിരുന്നു തുടര്‍ യാത്ര. തന്റെ മാതാപിതാക്കള്‍ക്ക് 'രണ്ട് ദശലക്ഷം ഡോളര്‍' മൂല്യമുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു.ഒടുവില്‍ ഇയാളുടെ ചുണ്ടുകളില്‍ ടേപ്പ് ഒട്ടിക്കേണ്ടിവന്നു. സംഭവങ്ങള്‍ മറ്റ് യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു.

അതേസമയം, യാത്രക്കാരെ നിയന്ത്രിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരോട് താല്‍ക്കാലികമായി അവധിയെടുക്കാന്‍ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് നല്‍കിയ നിര്‍ദ്ദേശം വിവാദത്തിനിടയാക്കി.എന്നാല്‍ നടപടിയില്‍ പിന്നീട് തിരുത്തല്‍ വരുത്തി. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തില്ലെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ ശമ്പളത്തോടെയുള്ള അവധി നല്‍കിയിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പേരു പറഞ്ഞ്, മുമ്പത്തെ യാത്രാ നിയന്ത്രണങ്ങളില്‍ ചില അയവുകള്‍ വരുത്തിയതു മുതല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പ്രതീകമാണ് ബെറിയുടെ അഴിഞ്ഞാട്ട സംഭവമെന്ന് അസോസിയേഷന്‍ ഓഫ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.