ഡെല്‍ഹിയെ തോല്‍പിച്ച് പഞ്ചാബ്

ഡെല്‍ഹിയെ തോല്‍പിച്ച് പഞ്ചാബ്

ഐപിഎല്‍ മത്സരങ്ങളുടെ പൊതുവായ ഒരു സ്വഭാവം അല്ലെങ്കില്‍ പ്രത്യേകത ഇത്തവണത്തെ സീസണും കാണിച്ചുതുടങ്ങിയിരിക്കുന്നു.ആദ്യപാദം കഴിഞ്ഞപ്പോള്‍, ഏറ്റവും അവസാനം നില്‍ക്കുന്ന ടീമുകളുടെ ഒരു തിരിച്ചുവരവിനു സാധ്യത തെളിയുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനു തീരെ സാധ്യതയില്ലാതായിയെന്നു നമുക്കറിയാം. എന്നാല്‍ ആദ്യ രണ്ടോ മൂന്നോ ടീമുകളെ മാറ്റിനിർത്തിയാല്‍ മറ്റ് ടീമുകള്‍ തമ്മില്‍ പോയിന്‍റ് നിലയിലുളള വ്യത്യാസം അഞ്ചോ ആറോ മാത്രമാണ്. ഒന്നോ രണ്ടോ മത്സരങ്ങള്‍ ജയിച്ചെത്തുമ്പോള്‍ ഒരേ പോയിന്‍റിലേക്ക് എത്താന്‍ ടീമുകള്‍ക്ക് സാധിക്കുമെന്നുളളത് എത്രത്തോളം ശക്തമാണ് ടീമുകളെന്ന് തെളിയിക്കുന്നതാണ്.

ഒരു സമയത്ത് രണ്ട് പോയിന്‍റുകള്‍ മാത്രമായിട്ട് ഒരു സാധ്യതയുമില്ലെന്ന് തോന്നിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബ് പല നിർഭാഗ്യങ്ങളിലൂടെ കടന്ന് പോയ ടീമുകളിലൊന്നാണ്. ആദ്യ മത്സരത്തിലെ സൂപ്പർ ഓവറില്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് ജയിക്കുകയായിരുന്നു. ജയിക്കാന്‍ ഒരു റണ്‍ മാത്രം വേണ്ട സ്ഥാനത്ത് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പരാജയം ഏറ്റുവാങ്ങുകയായിരുന്നു കിംഗ്സ് ഇലവന്‍. അതേ ടീമിനോട് ശക്തമായി മത്സരിച്ച് തിരിച്ചുവരുന്നു കിംഗ്സ് ഇലവന്‍. ഈ മത്സരം മാത്രമല്ല കിംഗ്സ് ഇലവന്‍റെ കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ വളരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു ടീം. ക്രിസ് ഗെയില്‍ തിരിച്ചുവന്നുവെന്നുളളത് മാത്രമല്ല, പുതിയ പന്തില്‍ മാക്സ് വെല്ലിനെ ഉപയോഗിക്കുന്നു. അഞ്ചാം ബൗളറുടെ ഒന്നോ രണ്ടോ ഓവറുകള്‍ അവർക്ക് നന്നായി ഉപയോിക്കാന്‍ സാധിക്കുന്നു. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ക്രിസ് ജോർഡാനെ ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് വന്ന ജെയിംസ് നീഷേം എല്ലാം ചേർന്ന് അഞ്ചാം ബൗളറുടെ ആ ഓവറുകള്‍ അവർക്ക് എറിഞ്ഞ് തീർക്കാന്‍ അവർക്ക് സാധിക്കുന്നുണ്ടെന്നുളളത് അവരുടെ ബൗളിംഗിന്‍റെ കരുത്ത് വ്യക്തമാക്കുന്നതാണ്.

രവി ബിഷ്നോയ്ക്ക് അധികം എറിയേണ്ടിവന്നില്ല എങ്കിലും. അതോടൊപ്പം മുരുകന്‍ അശ്വിന്‍ തിരിച്ചുവരുന്നു. ചുരുക്കത്തില്‍ ഒരു നല്ല കോമ്പിനേഷന്‍ സെറ്റ് ചെയ്യാന്‍ അവർക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗ് ഓർഡർ നോക്കുകയാണെങ്കില്‍ എത്രത്തോളം ശക്തമായ ടീമാണ് അവരെന്ന് തിരിച്ചറിയാം. രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാർ ഇത്ര ഫോമില്‍ ടോപ് ഓർഡറില്‍ കളിക്കുന്ന മറ്റൊരു ടീമില്ല. ഓറഞ്ച് ക്യാപിനായുളള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് താരങ്ങള്‍. ഒന്ന് ഓറഞ്ച് ക്യാപ് കൈവശം വയ്ക്കുന്ന ടീം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. മൂന്നാം സ്ഥാനത്തുളള മായങ്ക് അഗർവാള്‍, ടീമിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍. ഇതില്‍ നിന്നുതന്നെ വ്യക്തമാണ് അവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് എത്രത്തോളം ശക്തമാണ് എന്നുളളത്. പിന്നെ ക്രിസ് ഗെയിലെത്തുന്നു.നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്സ് വെല്‍, അതിനുശേഷം ദീപക് ഹൂഡ. ക്രീസില്‍ ദീപക് ഹൂഡ കാണിക്കുന്ന പക്വതയും എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്‍റെ പരിചയസമ്പത്തും ടീമിന് ഗുണമാകുന്നു. അതോടൊപ്പം പറയേണ്ടത് മുഹമ്മദ് ഷമിയുടേയും രവിചന്ദ്ര അശ്വിന്‍റേയും ബൗളിംഗ് ഫോം കൂടി കണക്കിലെടുക്കുമ്പോള്‍ മത്സരം പുരോഗമിക്കുമ്പോള്‍ ശക്തമായ സാന്നിദ്ധ്യമായി തുടരാന്‍ സാധ്യതയുളള ഫോമാണ് കിംഗ്സ് ഇലവന്‍റേത് എന്നുവേണം വിലയിരുത്താന്‍. രാജസ്ഥാന്‍ റോയല്‍സും അതേ രീതിയില്‍ മുന്നോട്ട് കയറി വരാന്‍ സാധ്യതയുളള ടീമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കൊല്‍ക്കത്തയ്ക്കും ബാംഗ്ലൂരിനും ചെറിയ സമ്മർദ്ദമുണ്ടാകും.

ഐപിഎല്‍ മത്സരങ്ങളുടെ സവിശേഷതയായിക്കൂടി അവസാന സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളുടെ തിരിച്ചുവരവ് കാണാം. ജയിച്ചുകൊണ്ടിരിക്കുന്ന ടീമുകളില്‍ സാധാരണ വലിയ മാറ്റം വരുത്താതിരിക്കാനാണ് നോക്കേണ്ടത്. പക്ഷെ ഓസ്ട്രേലിയന്‍ പരിശീലകനായിട്ടുളള റിക്കി പോണ്ടിംഗാണ് ഡെല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുകളിലുളളത്. അതുകൊണ്ടുതന്നെ അവരുടെ റൊട്ടേഷന്‍ പോളിസി പോലെ അതിവേഗത്തില്‍ പന്തെറിയുന്ന ആന്‍ട്രിക് നോജെയ്ക്ക് വിശ്രമം അനുവദിക്കുന്നു. ഡാനിയേല്‍ സാംസ് എന്ന താരത്തെ കളിപ്പിക്കുന്നു. ഋഷഭ് പന്ത് തിരിച്ചുവരുമ്പോള്‍ അലക്സ് കാരിക്ക് പകരം ഹെറ്റ് മെയർക്ക് സാധ്യത കിട്ടുന്നു. അങ്ങനെ മാറ്റങ്ങളുമായാണ് ഡെല്‍ഹി കളിക്കാനിറങ്ങിയത്. അത് അവരുടെ കൂട്ടുകെട്ടുകളെ ബാധിച്ചില്ലെങ്കിലും അവരുടെ വിശ്രമ ദിവസമായിരുന്നു ഇതെന്ന് പറയാതെ വയ്യ.ഒരാള്‍ സെഞ്ചുറി നേടിയിട്ടും ടോട്ടല്‍ സ്കോർ 164 ലേക്ക് ചുരുങ്ങുമ്പോള്‍ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പറയാം. നല്ല വിക്കറ്റായിരുന്നിട്ടുകൂടി സ്കോർ ഇത്രയും ചുരുക്കാന്‍ സാധിച്ചത് കിംഗ്സ് ഇലവന്‍റെ നേട്ടമായി കാണാം.അതോടൊപ്പം തന്നെ സ്റ്റോയിനിസ് നന്നായി കളിക്കാത്ത മത്സരങ്ങളില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന് ഒരു ഫിനിഷ് സാധ്യമല്ലയെന്നുളള രീതിയിലും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. അതോടൊപ്പം ഋഷഭ് പന്തും പൃഥ്വിഷായും പരാജയപ്പെടുന്നതും ചെറിയ ആശങ്ക ഡെല്‍ഹി ക്യാപിറ്റല്‍സിന് നല്കുന്നുണ്ട്.

സ്കോ‍ർ DC 164/5 (20)KXIP 167/5 (19)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.