കൊൽക്കത്ത: പുതിയ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ മമതാ ബാനർജി ശക്തമായി പ്രതികരിച്ചു. പുതിയ ഭേദഗതികളെ 'ജനവിരുദ്ധം' എന്നാണ് അവർ വിശേഷിപ്പിച്ചത്.
സംസ്ഥാനങ്ങളുടെ എതിർപ്പുകളെ മറികടന്നാണ് പുതിയ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രം നീക്കങ്ങൾ നടത്തുന്നത്. വിഷയത്തിൽ സുതാര്യവും വിശാലവുമായ ചർച്ചകൾ എത്രയും വേഗം നടത്തണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസിന്റെ എതിർപ്പ് മൂലം പാസാക്കാൻ സാധിക്കാതിരുന്നതും മാറ്റിവെച്ചതുമാണ് ഭേദഗതിയെന്ന് മമത ബാനർജി കത്തിൽ ചൂണ്ടിക്കാട്ടി. ബില്ലിലെ പ്രധാന പ്രശ്നങ്ങൾ പരാമർശിച്ച് 2020 ജൂൺ 12 ൽ അയച്ച കത്തിനേക്കുറിച്ചും അവർ പ്രധാനമന്ത്രി മോഡിയെ ഓർമ്മിപ്പിച്ചു.
2003 ലെ വൈദ്യുതി നിയമത്തിൽ ഭേദഗതികൾ നിർദ്ദേശിക്കുന്നതാണ് വൈദ്യുതി (ഭേദഗതി) ബിൽ. വൈദ്യുതി മേഖലയിലെ സംസ്ഥാന-കേന്ദ്ര നിയന്ത്രണ അതോറിറ്റികൾക്കുള്ള നിയമങ്ങളും വ്യവസ്ഥകളുമാണ് പുതിയ നിയമത്തിലുള്ളത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനായി ഒരു പ്രത്യേക സെലക്ഷൻ പാനലെന്ന നിലവിലെ സംവിധാനത്തിന് പകരം ഒരു ദേശീയ സെലക്ഷൻ കമ്മിറ്റിയെ നിർദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി നിയമം.
വൈദ്യുതി വിൽപ്പന, വാങ്ങൽ, കൈമാറ്റം എന്നിവയിലെ കരാറുകൾ വിലയിരുത്തുന്നതിന് ഒരു ഇലക്ട്രിസിറ്റി കോൺട്രാക്ട് എൻഫോഴ്സ്മെന്റ് അതോറിറ്റി സ്ഥാപിക്കാനും ബിൽ ശുപാർശ ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.