കുടുംബങ്ങളെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തും: മാര്‍ ജോസ് പുളിക്കല്‍

കുടുംബങ്ങളെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തും: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സഭയുടെ മുഖ്യധാരയില്‍ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി ആത്മീയ തലങ്ങളില്‍ മാത്രമല്ല ഭൗതീക മേഖലകളിലും ശക്തിപ്പെടുത്തുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കുടുംബങ്ങളിലൂടെയാണ് സഭ ജീവിച്ചു വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സംരക്ഷണവും വളര്‍ച്ചയും വിശ്വാസികളുടെ ശുശ്രൂഷാ ദൗത്യമെന്നതുപോലെ വിശ്വാസി സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ സംരക്ഷണവും കരുതലും സഭാസംവിധാനങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിനായുള്ള നിരവധി പദ്ധതികള്‍ സഭയുടെ വിവിധ തലങ്ങളില്‍ ഇതിനോടകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

കാലങ്ങളായി അനേകായിരങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ആഗോള കത്തോലിക്കാസഭ ആഹ്വാനം ചെയ്തിരിക്കുന്ന കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപതാതലത്തില്‍ കൂടുതല്‍ കുടുംബക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. സിഞ്ചെല്ലൂസും ചാന്‍സിലറുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്ന മൈക്കിള്‍ എ. കള്ളിവയലില്‍, ജെ.ചാക്കോ അരുവിക്കര എന്നിവരെ കൗണ്‍സില്‍ അനുസ്മരിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

'ക്രൈസ്തവ കുടുംബം: വെല്ലുവിളികളും പ്രതീക്ഷകളും' എന്ന വിഷയത്തെക്കുറിച്ച് ഫാമിലി അപ്പസ്‌തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍ ആമുഖ അവതരണം നടത്തി. ചര്‍ച്ചകള്‍ക്ക് സിഞ്ചെല്ലൂസ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായി. പ്രൊഫ. ബിനോ പി. ജോസ് പെരുന്തോട്ടം, പ്രൊഫ.റോണി കെ.ബേബി, അഡ്വ. എബ്രാഹാ മാത്യു, പി.എസ്.വര്‍ഗീസ് പുതുപ്പറമ്പില്‍, തോമസ് വെള്ളാപ്പള്ളി, സണ്ണി എട്ടിയില്‍, പ്രൊഫ.ഷീല കുഞ്ചെറിയ, ജോര്‍ജുകുട്ടി ആഗസ്തി, ജോമി ഡോമിനിക്, ജോസ് കൊച്ചുപുര, തോമസ് ആലഞ്ചേരി എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.