പ്രസവിച്ച യുവതിക്ക് പാല്‍ വന്നത് കക്ഷത്തിലൂടെ; വൈദ്യശാസ്ത്രരംഗത്ത് അമ്പരപ്പ്

പ്രസവിച്ച യുവതിക്ക് പാല്‍ വന്നത് കക്ഷത്തിലൂടെ; വൈദ്യശാസ്ത്രരംഗത്ത് അമ്പരപ്പ്

ലിസ്ബന്‍: പ്രസവശേഷം പോര്‍ച്ചുഗലിലെ ഒരു യുവതിയുടെ കക്ഷത്തില്‍നിന്ന് മുലപ്പാല്‍ വരുന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് വൈദ്യശാസ്ത്രരംഗം. ലിസ്ബനില്‍ 26 വയസുകാരിയായ യുവതിക്കാണു പാല്‍ കക്ഷത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെട്ടത്. ആരോഗ്യമാസികയായ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലൂടെയാണ് അപൂര്‍വ സംഭവം പുറംലോകം അറിഞ്ഞത്.

പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം തന്റെ വലതുകക്ഷത്തില്‍ വേദന അനുഭവപ്പെടുന്നതായി യുവതി ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയുടെ കക്ഷത്തില്‍ മാറിടത്തിന് സമാനമായ മാംസപിണ്ഡം കണ്ടെത്തി. ഇത് അമര്‍ത്തിനോക്കിയപ്പോള്‍ വെളുത്ത ദ്രാവകം പുറത്തു വരികയും ചെയ്തു. ഇത് മുലപ്പാലാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായി.

പോളിമാസ്തിയ എന്ന അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. സാധാരണ കാണുന്ന മാറിടത്തിനു പുറമെ കക്ഷത്തില്‍ മാറിടത്തിനു സമാനമായ ടിഷ്യൂ വളരുന്നതാണ് ഈ അവസ്ഥ. ആറ് ശതമാനം സ്ത്രീകളില്‍ ജന്മനാ ഇത്തരം ഒരു അവസ്ഥയുണ്ടായിരിക്കും. എന്നാല്‍ ഭൂരിഭാഗവും പേര്‍ക്ക് ഈ ടിഷ്യൂ മൂലം പ്രശ്‌നമുണ്ടാകാറില്ല. പരിശോധനയില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നു വ്യക്തമായി.

എന്നാല്‍ ഇത്തരം ടിഷ്യൂ ഉണ്ടാകുന്നവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലായതിനാല്‍ യുവതി സ്ഥിരമായി പരിശോധനയ്ക്ക് വിധേയയാകണമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് 18-കാരിയായ ഒരു അമ്മയും സമാനമായ അവസ്ഥയിലൂടെ കടന്നു പോയിരുന്നു. ഇവര്‍ പാല്‍ പമ്പ് ചെയ്തു കളഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.