കേരളത്തിൽ 6805 തീരദേശ ചട്ടലംഘനങ്ങൾ, സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

കേരളത്തിൽ 6805 തീരദേശ ചട്ടലംഘനങ്ങൾ, സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രാഥമിക അന്വേഷണത്തിൽ കേരളത്തിൽ 6805 തീരദേശ ചട്ടലംഘനങ്ങൾ കണ്ടെത്തിയതായും അവ പരിശോധിച്ച് ഉറപ്പാക്കാൻ അടുത്ത സെപ്തംബർവരെ സമയം അനുവദിക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ. കോടതിക്ക് മുമ്പാകെ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചട്ടലംഘനങ്ങളുടെ എണ്ണമുളളത്. നിയമവിരുദ്ധമായി കേരള തീരത്ത് നടത്തിയ മുഴുവൻ നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. മരട് ഫ്‌ളാറ്റുകളുടെ കേസ് പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാനസർക്കാർ കോടതിക്ക് വിശദീകരണം നൽകിയത്. കളക്ടർമാർ അദ്ധ്യക്ഷരായ തീരദേശ ജില്ലാകമ്മിറ്റികൾ തയ്യാറാക്കിയ കണക്കാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. 10 ജില്ലകളിലായുള്ള 27,735 കേസിൽ നിയമലംഘനം കണ്ടെത്തിയത് 6805 നിർമാണങ്ങളിലാണ്. ഇത് കരട് പട്ടികയാണെന്നും ഫീൽഡ് പരിശോധന നടത്തി ഉറപ്പാക്കാൻ സമയം അനുവദിക്കണമെന്നും സർക്കാർ അറിയിച്ചു. കേസുകളെകുറിച്ചുള്ള വിവരങ്ങൾ അതത് ജില്ലാ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ അഞ്ചിനാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.