കൊച്ചി മെട്രോ: നാലുമാസമായി സ്ഥിരം എംഡി ഇല്ല, കേന്ദ്ര അനുമതിയിലെ അനിശ്ചിതത്വം തുടരുന്നു

കൊച്ചി മെട്രോ: നാലുമാസമായി സ്ഥിരം എംഡി ഇല്ല, കേന്ദ്ര അനുമതിയിലെ അനിശ്ചിതത്വം തുടരുന്നു

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായുള്ള കേന്ദ്ര അനുമതിയിലെ അനിശ്ചിതത്വം തുടരുന്നു. നാല് മാസമായി സ്ഥിരം എംഡി ഇല്ലാത്തത് മെട്രോ കാക്കനാട് പാതയ്ക്കായുള്ള നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നു എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ഏപ്രിലില്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ സ്ഥാനമൊഴിഞ്ഞത് മുതല്‍ കൊച്ചി മെട്രോക്ക് സ്ഥിരം എം ഡി ഇല്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലിരിക്കുന്ന കെ ആര്‍ ജ്യോതിലാലിനാണ് പകരം ചുമതല.

കൊച്ചി മെട്രോ രണ്ടാം ഘട്ടം, വാട്ടര്‍ മെട്രോ തുടങ്ങി സുപ്രധാന ജോലികള്‍ തുടരുന്നതിനിടെ സ്ഥിരം എംഡി ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരില്‍ മറ്റ് പല ചുമതലകളും വഹിക്കുന്ന ജ്യോതിലാല്‍ മെട്രോ സംബന്ധിച്ച് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച പ്രധാന യോഗങ്ങളില്‍ പോലും പങ്കെടുത്തില്ല.

കേന്ദ്ര ബജറ്റില്‍ പണം അനുവദിച്ചെങ്കിലും കേന്ദ്ര ക്യാബിനറ്റ് കൊച്ചി മെട്രോക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ല. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരത്തിന് മെട്രോ അനുവദിക്കേണ്ടെന്ന പുതുക്കിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ആദ്യഘട്ടത്തിന്റെ തുടര്‍ച്ചയാണ് ഇന്‍ഫോപാര്‍ക്ക് പാതയെന്നും സ്ഥലം ഏറ്റെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാകുന്നതിനാല്‍ അനുമതി നല്‍കണം എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി. ഇന്‍ഫോപാര്‍ക്കിലെ 50,000 ജീവനക്കാരെ മുന്നില്‍ കണ്ട് വിഭാവനം ചെയ്ത പദ്ധതി വഴി നഷ്ടം കുറയ്ക്കാമെന്ന കണക്ക് കൂട്ടലിലുമാണ് കെഎംആര്‍എല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.